പൗരത്വനിയമത്തിനെതിരെ കണ്ണൂരില്‍ മഹാറാലി; തടഞ്ഞ് പട്ടാളം

പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി എന്നിവക്കെതിരെ കണ്ണൂരില്‍ ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാറാലി.

കണ്ണൂര്‍- പൗരത്വ ദേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ മഹാറാലി. പതിനായിരങ്ങള്‍ പങ്കെടുത്ത റാലി, കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സ്വാമി അഗ്‌നിവേശ് മുഖ്യാതിഥിയായി.
റാലി തുടങ്ങാനിരുന്ന സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമരക്കാരെ പ്രവേശിപ്പിക്കാതെ പട്ടാളം തടഞ്ഞു. പിന്നീട് ജില്ലാ ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റാന്റില്‍നിന്നാണ് റാലി ആരംഭിച്ചത്. സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന റാലി ടൗണ്‍ സ്‌ക്വയറില്‍ അവസാനിക്കുന്ന രീതിയിലാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഗ്രൗണ്ടിലേക്ക് ആളുകളെത്തിയപ്പോള്‍ പട്ടാളം അവരെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്നു മാറ്റി. ഗ്രൗണ്ട് മുഴുവന്‍ പട്ടാളം വളയുകയും ചെയ്തു. ഇവരുടെ അധീനതയിലുള്ള സ്ഥലമാണിത്. ഇതാദ്യമായാണ് ഒരു പരിപാടിക്ക് ഈ ഗ്രൗണ്ടില്‍ അനുമതി നിഷേധിക്കുന്നതും പട്ടാളം നിയന്ത്രണം ഏറ്റെടുക്കുന്നതും. കേന്ദ്ര സര്‍ക്കാരിനെതിരായ പരിപാടിക്ക് അനുമതി നല്‍കേണ്ട എന്നാണ് പൊതുവായ തീരുമാനം. ഇനി മുതല്‍ ഒരു പരിപാടികള്‍ക്കും ഗ്രൗണ്ട് വിട്ടുനല്‍കേണ്ടന്നാണ് തീരുമാനമെന്നും കമാണ്ടന്റ് പറഞ്ഞു.

http://www.malayalamnewsdaily.com/sites/default/files/2020/02/14/knrrallypattalam.jpg
ദേശീയ പൗരത്വ ദേദഗതി നിയമം ഇന്ത്യയില്‍ നടപ്പാകാന്‍ പോകുന്നില്ലെന്ന് റാലി ഉദ്ഘാടനം ചെയ്ത പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയത് ദേശീയ പൗരത്വ ദേ ഭഗതിക്കെതിരെയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ രംഗത്തുവരുമ്പോള്‍ മോഡിയും കൂട്ടരും ഈ നിയമം എങ്ങിനെയാണ് നടപ്പാക്കാന്‍ പോകുന്നത്? ഭൂമിയിലല്ലാതെ ആകാശത്തു വെച്ചാണോ ഇത് നടപ്പാക്കുകയെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ഈ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ജനങ്ങളില്‍നിന്നു അനുദിനം ഒറ്റപ്പെടുകയാണ്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 10 സീറ്റ് തികക്കാനായില്ല.
കണ്ണൂര്‍ നഗരം ഇന്നേവരെ കാണാത്ത വിധത്തിലുള്ള ജനപങ്കാളിത്തമാണ് റാലിയില്‍ ഉണ്ടായത്. ഉച്ചക്ക് മുതല്‍ തന്നെ ജനബാഹുല്യംമൂലം നഗരം സ്തംഭിച്ചു. ചടങ്ങില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ല കോയ തങ്ങള്‍, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലകോയ മദനി, കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്, കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഫാ. ദേവസ്സി ഈരത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest News