ദുബായ്- കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്‍ (40) ദുബായില്‍ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) കോടതിയില്‍ കുറ്റം സമ്മതിച്ചു.
വിദ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊന്നതെന്നും ഇതുസംബന്ധിച്ച് തനിക്ക് വിദ്യയുടെ മാനേജരുടെ എസ്.എം.എസ് ലഭിച്ചിരുന്നതായും പ്രതി പറഞ്ഞു. മാര്‍ച്ച് ഒന്നിന് വിചാരണ തുടരും.
2019 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിംഗിലേക്ക് കൂട്ടികൊണ്ടുപോയി കുത്തുകയായിരുന്നു. മാനേജരുടെ മുന്‍പില്‍ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ച തര്‍ക്കത്തിനൊടുവിലായുരുന്നു കുത്തേറ്റത്. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ നിന്ന് പോലീസ് പിടികൂടി. മൃതദേഹത്തിനടുത്ത്‌നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
ഓഫീസില്‍നിന്ന് പുറത്തേക്ക് പോയ വിദ്യയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ മാനേജര്‍ മൊബൈലില്‍ വിളിച്ചു. പ്രതികരണമില്ലാത്തതിനാല്‍ ഓഫീസ് ഡ്രൈവറെ അന്വേഷിക്കാന്‍ അയച്ചു. ഇയാളാണ് പാര്‍ക്കിംഗ് ലോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. നാട്ടില്‍വെച്ചു തന്നെ വിദ്യയും ഭര്‍ത്താവും സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. വിദ്യയെ എപ്പോഴും സംശയിക്കുന്ന പ്രകൃതമായിരുന്നു യുഗേഷിനെന്നും കുടുംബവൃത്തങ്ങള്‍ പറഞ്ഞു.