റിയാദ് - സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ വേതനം തടഞ്ഞുവെച്ചാൽ തൊഴിലുടമക്ക് അയ്യായിരം റിയാൽ പിഴ ചുമത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദികൾ അറിയാതെ അവരെ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെന്നോണം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്താൽ 25,000 റിയാൽ പിഴ ചുമത്തും. സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇരുപതിനായിരം റിയാൽ പിഴ ചുമത്തും.
ജീവനക്കാരുടെ പേരുവിവരങ്ങൾ, വേതനം, ഡ്യൂട്ടി സമയം എന്നിവ വ്യക്തമാക്കുന്ന റെക്കോർഡുകൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് അയ്യായിരം റിയാൽ പിഴ ലഭിക്കും. വിദേശ തൊഴിലാളികളുടെ പാസ്പോർട്ട് കസ്റ്റഡിയിൽ സൂക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് പാസ്പോർട്ടുകളിൽ ഒന്നിന് രണ്ടായിരം റിയാൽ തോതിൽ പിഴ ചുമത്തും. സൗദികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് അയ്യായിരം റിയാലാണ് പിഴ ലഭിക്കുക. തൊഴിൽ കരാർ ഒപ്പുവെക്കാതെ തൊഴിലാളികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് അയ്യായിരം റിയാൽ പിഴ ചുമത്തും. പിഴകൾ ഒഴിവാക്കുന്നതിന് തൊഴിൽ നിയമം കർശനമായി പാലിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യാജ സൗദിവൽക്കരണവും ബിനാമി ബിസിനസും അടക്കം പ്രാദേശിക തൊഴിൽ വിപണിയിൽ നിരവധി നിഷേധാത്മക പ്രവണതകൾ അടുത്ത കാലത്ത് ശക്തമായിട്ടുണ്ട്. ബിനാമി ബിസിനസ് പ്രവണത മൂലം ദേശീയ സമ്പദ്വ്യവസ്ഥക്ക് പ്രതിവർഷം ഇരുപതിനായിരം കോടി റിയാൽ നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി ഉയർന്നിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് 2020 ൽ ഒമ്പതു ശതമാനമായും 2030 ൽ ഏഴു ശതമാനമായും കുറക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.






