Sorry, you need to enable JavaScript to visit this website.

തീർഥാടകർക്ക് സേവനം നൽകുന്നതിന് മദീനയിൽ ഇനായ സെന്ററുകൾ തുറന്നു

മദീന- ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർക്കും ഹജ്, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ എല്ലാവിധ സേവനങ്ങളും നൽകുന്നതിന് മദീനയിൽ രണ്ടു ഇനായ സെന്ററുകൾ ഹജ്, ഉംറ മന്ത്രാലയം തുറന്നു. ഇതോടെ മക്കയിലും മദീനയിലുമുള്ള ഇനായ സെന്ററുകളുടെ എണ്ണം നാലായി ഉയർന്നു. മദീനയിൽ അൽബഖീഇലും പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര എയർപോർട്ടിലുമാണ് ഇന്നലെ മുതൽ ഇനായ സെന്ററുകൾ പ്രവർത്തം തുടങ്ങിയത്. 
ഹജ്, ഉംറ തീർഥാടകർക്കും ഹജ്, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും സഥാപനങ്ങൾക്കും ആവശ്യമായ എല്ലാവിധ സേവനങ്ങളും ഇനായ സെന്ററുകളിൽ ലഭിക്കും. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് സേവനവും ഇവിടങ്ങളിൽ ലഭിക്കും. ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാതെ എല്ലാവിധ നടപടിക്രമങ്ങളും ഇനായ സെന്ററുകളിൽ വെച്ച് പൂർത്തിയാക്കുന്നതിന് ഉപയോക്താക്കൾക്ക് സാധിക്കും. ഇനായ സെന്ററുകളിലെ സെൽഫ് സർവീസ് ഉപകരണങ്ങൾ വഴിയും ഉദ്യോഗസ്ഥരെ നേരിട്ട് സമീപിച്ചും സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തീർഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സാധിക്കും. വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരാണ് ഇനായ സെന്ററുകളിൽ സേവനമനുഷ്ഠിക്കുന്നത്. വിരലടയാളങ്ങൾ വഴി തീർഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനായ സെന്ററുകൾ ലഭ്യമാക്കുകയും ചെയ്യും. ജവാസാത്ത് ഡയറക്ടറേറ്റ് ശാഖയുമായി സഹകരിച്ചാണ് ഇനായ സെന്ററുകൾ ഈ സേവനം നൽകുന്നത്. 
തീർഥാടകർക്കും ഹജ്, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിലവിൽ 30 സേവനങ്ങൾ ഇനായ സെന്ററുകൾ വഴി നൽകുന്നുണ്ട്. ഇതിൽ 14 സേവനങ്ങൾ ഉദ്യോഗസ്ഥർ വഴിയും 16 സേവനങ്ങൾ സെൽഫ് സർവീസ് ഉപകരണങ്ങൾ വഴിയുമാണ് നൽകുന്നത്. ഇനായ സെന്ററുകൾ വഴി നൽകുന്ന സേവനങ്ങളുടെ എണ്ണം 60 ആയി ഉയർത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയം ശ്രമം തുടരുകയാണ്.
 

Tags

Latest News