Sorry, you need to enable JavaScript to visit this website.

സൗദിയിൽ കൃത്രിമ മഴക്ക് പദ്ധതി; 20 ശതമാനം അധിക മഴ ലക്ഷ്യം

റിയാദ് - കൃത്രിമ മഴ പദ്ധതിയിലൂടെ സൗദിയിൽ പ്രതിവർഷ വർഷപാത തോത് ഇരുപതു ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച  ചേർന്ന മന്ത്രിസഭാ യോഗമാണ് കൃതിമ മഴക്കുള്ള പദ്ധതി  അംഗീകരിച്ചത്.
ലോകത്ത് ഏറ്റവും വരൾച്ചയുള്ള രാജ്യങ്ങളിലൊന്നായ സൗദിയിൽ നിലവിൽ പ്രതിവർഷം ലഭിക്കുന്ന മഴ 100 മില്ലിമീറ്റർ കവിയില്ല. 
രാജ്യത്ത് സ്ഥിരം ജല ഉറവിടങ്ങളായ നദികളോ തടാകങ്ങളോ ഇല്ല. ആഗോള തലത്തിൽ കൃത്രിമമായി മഴ പെയ്യിക്കുന്നതിന് സ്വീകരിക്കുന്ന രീതികളും ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങൾ സന്ദർശിച്ച് അവരുടെ  അനുഭവസമ്പത്ത് നേരിട്ട് പഠിച്ചുമാണ് സൗദിയിൽ കൃത്രിമ മഴ പെയ്യിക്കൽ പദ്ധതി അംഗീകരിച്ചത്.  ജനസംഖ്യാ വർധനയുടേയും വ്യവസായ, ഊർജ, ഗതാഗത, ഖനന, കാർഷിക മേഖലകളിലെ വലിയ വളർച്ചയുടെയും ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദിയിൽ ജല സ്രോതസ്സുകൾക്കു മേലുള്ള സമ്മർദം ഏറെ വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ പ്രതിവർഷ ജല ആവശ്യം 2,400 കോടി ഘനമീറ്ററാണ്. പ്രതിവർഷം 270 കോടി ഘനമീറ്റർ വെള്ളം സമുദ്രജലം ശുദ്ധീകരിച്ച് കണ്ടെത്തുന്നു. രാജ്യത്തിന്റെ ജലയാവശ്യത്തിന്റെ 80 മുതൽ 85 ശതമാനം വരെ ഭൂഗർഭ ജലത്തിൽ നിന്ന് കണ്ടെത്തുന്നു. നികത്താൻ കഴിയുന്നതിലും ഉയർന്ന തോതിലാണ് ഭൂഗർഭജലം നിലവിൽ ഉപയോഗിക്കുന്നത്. 
നിർദിഷ്ട സ്ഥലങ്ങളിൽ കാർമേഘങ്ങൾ ലക്ഷ്യമിട്ട് ചില ഉത്തേജന പദാർഥങ്ങൾ വിതറി മഴ പെയ്യിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുക. ഇതിനായി കാർമേഘങ്ങളുണ്ടാക്കില്ല. പകരം, മഴ വർഷിക്കുന്ന മേഘങ്ങളിൽ ഉത്തേജന പദാർഥങ്ങൾ വഴി വർഷപാത അനുപാതം ഉയർത്തുകയാണ്  ചെയ്യുകയെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. 
സൗദിയിൽ കൃത്രിമ മഴയെ കുറിച്ച്  ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുമായി സഹകരിച്ച് 1976 ൽ പഠനം ആരംഭിച്ചിരുന്നു. 
രാജ്യത്ത് കൃത്രിമ മഴ  പദ്ധതി പരീക്ഷിക്കുന്നതിന് അമേരിക്കയിലെ വയോമിംഗ് യൂനിവേഴ്‌സിറ്റിയുമായി കരാർ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് 1990 ൽ സൗദിയിൽ ആദ്യമായി അസീർ പ്രവിശ്യയിൽ കൃത്രിമ മഴ  പദ്ധതി പരീക്ഷിച്ചു തുടങ്ങി. 
ഇതിനു ശേഷം സൗദി ശാസ്ത്രജ്ഞരുടെ പങ്കാളിത്തത്തോടെ മധ്യ സൗദി പ്രവിശ്യകളായ റിയാദിലും അൽഖസീമിലും ഹായിലിലും വടക്കു-പടിഞ്ഞാറൻ, തെക്കു,പടിഞ്ഞാറൻ പ്രവിശ്യകളിലും പദ്ധതി പരീക്ഷിച്ചു. കൃത്രിമ മഴ പദ്ധതിക്ക് സൗദിയിലെ കാർമേഘങ്ങൾ അനുയോജ്യമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.

Tags

Latest News