Sorry, you need to enable JavaScript to visit this website.

അഴിമതിക്കേസുകളിൽ രണ്ടുമാസത്തിനിടെ 386 പേർ കസ്റ്റഡിയിൽ

റിയാദ് - അഴിമതി ക്കേസുകളിൽ രണ്ടു മാസത്തിനിടെ 386 പേരെ കസ്റ്റഡിയിലെടുത്തതായി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അറിയിച്ചു. അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്നു സർക്കാർ ഏജൻസികളെ  ലയിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടതു പ്രകാരം രണ്ടു മാസം മുമ്പ് നിലവിൽ വന്നതാണ് ആന്റി കറപ്ഷൻ കമ്മീഷൻ.
കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ എന്നിവയെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷനിൽ കൂട്ടിച്ചേർത്താണ് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ എന്ന പേരിൽ പുതിയ ഏജൻസി സ്ഥാപിച്ചത്.
പുതിയ ഏജൻസി നിലവിൽ വന്ന ശേഷം അഴിമതി കേസുകളിൽ ആകെ 386 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇക്കാലയളവിൽ അഴിമതി കേസുകളിൽ ആകെ 1,769 പേരെ കമ്മീഷൻ ചോദ്യം ചെയ്തു. ഇക്കൂട്ടത്തിൽ കൈക്കൂലി, പൊതുമുതൽ പാഴാക്കൽ, വെട്ടിപ്പ്, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ആകെ 17 കോടി റിയാലിന്റെ വെട്ടിപ്പുകളും അഴിമതികളും നടത്തിയതായി ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവർക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. 
അഴിമതിയും അധികാര ദുർവിനിയോഗവും നടത്തുന്നവർക്കും കൈക്കൂലി കേസുകളിൽ പങ്കുള്ളവർക്കുമെതിരെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകുമെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള അധികാര ദുർവിനിയോഗം, ഔദ്യോഗിക കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുന്നതിൽ വീഴ്ചവരുത്തൽ, പരിധികൾ ലംഘിക്കൽ എന്നിവ നിയമ, ചട്ടങ്ങൾക്കും പൊതുതാൽപര്യങ്ങൾക്കും ഭരണാധികാരികളുടെ അഭിലാഷങ്ങൾക്കും യോജിക്കുന്നതല്ലെന്നും കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പറഞ്ഞു. 
അഴിമതി കേസുകളിൽ അന്വേഷണവും നിയമ നടപടികളും വേഗത്തിലാക്കുന്നതിനാണ് അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്നു സർക്കാർ ഏജൻസികളെ പരസ്പരം ലയിപ്പിച്ചത്. ഇതോടൊപ്പം അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്തുന്നതിന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് പ്രോസിക്യൂഷൻ യൂനിറ്റ് എന്ന പേരിൽ പ്രത്യേക വിഭാഗം സ്ഥാപിച്ചിട്ടുമുണ്ട്. രാജ്യത്തെങ്ങുമുള്ള അഴിമതി കേസുകൾ വിചാരണ ചെയ്യുന്നതിനുള്ള അധികാരം റിയാദിലെ പ്രത്യേക കോടതിയിൽ പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 
സർക്കാർ ജീവനക്കാരായ സിവിൽ, സൈനിക ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും അടക്കം മുഴുവൻ അഴിമതി കേസ് പ്രതികൾക്കുമെതിരെ നടപടികളെടുക്കുന്ന ചുമതല കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷന് നൽകിയിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രത്യേക കോടതി കുറ്റക്കാരായി വിധിക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടും. സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ഏതെങ്കിലും ഉദ്യോഗസ്ഥന്റെ സമ്പത്ത് സ്വന്തം വരുമാനത്തിനും മറ്റു വരുമാന സ്രോതസ്സുകൾക്കും നിരക്കാത്ത നിലയിൽ ഉയർന്നതായി കണ്ടെത്തിയാൽ അവ നിയമാനുസൃത രീതിയിലാണ് സമ്പാദിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും. സമ്പത്തിന്റെ നിയമസാധുത തെളിയിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരായ സാമ്പത്തികാന്വേഷണ റിപ്പോർട്ട് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷനിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് പ്രോസിക്യൂഷൻ യൂനിറ്റിന് കൈമാറണമെന്നും രാജകൽപന അനുശാസിക്കുന്നു.
 

Tags

Latest News