കുവൈത്തില്‍ മണ്ണിടിഞ്ഞ് നാല് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി- പാര്‍പ്പിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് കുവൈത്തില്‍ നാല് ചൈനീസ് കമ്പനി ജീവനക്കാര്‍ മരിച്ചു. മുത്‌ല റസിഡന്‍ഷ്യല്‍ മേഖലയിലാണ് സംഭവം.  ബുധനാഴ്ചയാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് വൈകിയും അഗ്‌നിശമന സേന പരിശ്രമം തുടര്‍ന്നു. പുതുതായി നിര്‍മിക്കുന്ന റസിഡന്‍ഷ്യല്‍ മേഖലയാണ് മുത്‌ല.
അഴുക്കുചാലിനായി മാന്‍ഹോളും പൈപ്പും സ്ഥാപിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരുടെ മേല്‍ മണ്ണും കരിങ്കല്‍ പാളികളും പതിക്കുകയായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ആറ് പേരെ പുറത്തെടുത്തുവെങ്കിലും നാല് പേര്‍ മരിച്ചിരുന്നു. മറ്റുള്ളവരെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റാന അല്‍ ഫാരിസ് അറിയിച്ചു. ദുരന്ത സ്ഥലം അദ്ദേഹം സന്ദര്‍ശിച്ചു.

 

Latest News