Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ വാട്‌സ്ആപ്പ് വഴി  പണം കൈമാറാൻ അനുമതി 

  • ആദ്യഘട്ടത്തിൽ ഒരു കോടി ഉപയോക്താക്കൾക്ക് അവസരം

ഇന്ത്യയിൽ പണമിടപാട് നടത്താൻ വാട്സ്ആപ്പ് പേക്ക് അനുമതി ലഭിച്ചു. ഇന്ത്യയിൽ നേരത്തെതന്നെ പരീക്ഷണാർഥം തുടക്കം കുറിച്ച് പേയ്മെന്റ് ആപ്പിന് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്നാണ് വാട്‌സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് അനുമതി ലഭിച്ചത്.  
സർക്കാരിന്റെ യു.പി.ഐ സ്‌കീം ഉപയോഗിച്ച് പേയ്മെന്റ് സേവനങ്ങൾ നൽകാൻ മെസേജ് അപ്ലിക്കേഷനെ അനുവദിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ പത്ത് ലക്ഷം ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പേ നൽകി വരുന്നതായി 2018-ൽ കമ്പനി വെളിപ്പെടുത്തിയിരുന്നു.


എന്നാൽ, നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ)യുടെ അംഗീകാരത്തിന്റെ  കാലതാമസം കാരണം ഔദ്യോഗികമായി ആരംഭിക്കാനായില്ല. ഡിജിറ്റൽ പേയ്മെന്റ് സേവനം ഘട്ടം ഘട്ടമായി പ്രവർത്തിപ്പിക്കാനാണ് എൻ.പി.സി.ഐ അനുമതി നൽകിയിരിക്കുന്നത്. ആർ.ബി.ഐ അംഗീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് എൻ.പി.സി.ഐ അംഗീകാരം ലഭിച്ചത്. ആദ്യ ഘട്ടത്തിൽ ഒരുകോടിയിലെറെ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് പേ മെസേജിംഗ് ആപ്പ് വഴി ലഭിക്കും.
വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വാട്‌സ്ആപ്പ് പേ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ പേയ്മെന്റ് അപ്ലിക്കേഷനുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. എന്നാൽ എത്രമാത്രം സുരക്ഷ നൽകുന്നതിനെ ആശ്രയിച്ചായിരിക്കും വിജയം. വാട്‌സ്ആപ്പിന് രാജ്യത്ത് 450 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ബ്രസീൽ, മെക്സിക്കോ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ വാട്സ്ആപ്പ് പേ ആരംഭിക്കുമെന്ന് ഫെയ്‌സ് ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 


ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വാട്‌സ്ആപ്പ് പേക്ക് എൻ.പി.സി.ഐയിൽ നിന്നുള്ള അനുമതി നീളാൻ കാരണം. സെർവർ ഇന്ത്യയിൽ സ്ഥാപിക്കണമെന്നും വാട്‌സ്ആപ് മെസേജുകളുടെ സ്രോതസ്സുകൾ വെളിപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് കൈക്കൊണ്ട ചില നിലപാടുകൾ കാരണം അംഗീകാരം നൽകുന്നതിൽ റിസർവ് ബാങ്കിനും കേന്ദസർക്കാരിനും താൽപര്യം കുറവായിരുന്നു. വാട്സ്ആപ്പിൽ കണ്ടെത്തിയ ഏറ്റവും പുതിയ ലംഘനങ്ങൾ റിസർവ് ബാങ്കിനേയും സർക്കാരിനെയും പിറകോട്ടടിപ്പിച്ചു.  


നിരവധി പേയ്മെന്റ് അപ്ലിക്കേഷനുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായതുകൊണ്ട് വാട്‌സ്ആപ്പ് പേക്ക് കടുത്ത മത്സരത്തെ അതിജീവിക്കേണ്ടിവരും. 
അലി ബാബയുടെ പിന്തുണയുള്ള പേടിഎം, ഗൂഗിളിന്റെ ഗൂഗിൾ പേ ആപ്ലിക്കേഷൻ, ഫോൺ പേ, മൊബിവിക് എന്നിവയുമായുള്ള കടുത്ത മത്സരം നേരിടേണ്ടിവരും.  
നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിൾ പേ പേയ്മെന്റ് അപ്ലിക്കേഷനാണ്.  ഇതിനു തൊട്ടുപിറകിലാണ് പേടിഎം. വാട്‌സ്ആപ്പ് പേയുടെ വരവ് ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റിൽ ആധിപത്യം പുലർത്തുന്ന ഈ അപ്ലിക്കേഷനുകളുടെ ബിസിനസുകളെ കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 


പണം കൈമാറുന്നതിനു പുറമെ, മൂവി, ട്രെയിൻ, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും മെട്രോ കാർഡുകൾ റീചാർജ് ചെയ്യുന്നതിനും ഡി.ടി.എച്ച് മുതലായവ ചാർജ് ചെയ്യുന്നതിനും നിലവിൽ പേടിഎം, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ പേയ്മെന്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ട്.  
ചാറ്റ് ചെയ്യുന്നതുപോലെ കോൺടാക്ട് ലിസ്റ്റിൽനിന്ന് പണം കൈമാറേണ്ടയാളെ തെരഞ്ഞെടുത്ത് അറ്റാച്ച്‌മെന്റിലൂടെ പണം കൈമാറുന്ന രീതിയാണ് വാട്‌സാപ്പിലുണ്ടാകുക. തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വാട്‌സ്ആപ്പ് ചാറ്റിലെ അറ്റാച്ച്‌മെന്റിൽ വാട്‌സ്ആപ്പ് പെയ്‌മെന്റ് എന്ന ഒപ്ഷൻ വന്നിട്ടുണ്ടാകും. സെറ്റിംഗ്‌സിൽ യു.പി.ഐ വെരിഫൈ ചെയ്യാൻ ഒപ്ഷൻ ഉണ്ടാകും. 

 

Latest News