റോബിന്‍ സിംഗ് യു.എ.ഇ ക്രിക്കറ്റ് ടീം പരിശീലകന്‍

ദുബായ്- മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിംഗിനെ യു.എ.ഇ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. സ്‌കോട്ടിഷ് ക്രിക്കറ്റര്‍ ഡഗ്ഗീ ബ്രൗണ്‍ ആയിരുന്നു ഇതുവരെ യു.എ.ഇ ക്രിക്കറ്റ് ടീം പരിശീലകന്‍.
ഇന്ത്യന്‍ എ ടീമിന്റെ പരിശീലകനായിരുന്നിട്ടുണ്ട് റോബിന്‍ സിംഗ്, മുംബൈ ഇന്ത്യന്‍സ്, ഹോങ്കോംഗ് ടീമുകളേയും പരിശീലിപ്പിച്ചു.
1989 മാര്‍ച്ച് 11ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് അദ്ദേഹം രാജ്യാന്തര ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ആ പരമ്പരക്കുശേഷം ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹം 7 വര്‍ഷങ്ങള്‍ക്കുശേഷമാണ് ടീമില്‍ സ്ഥിരമായ സ്ഥാനം നേടിയത്. 136 ഏകദിന മത്സരങ്ങളില്‍ നിന്ന് 26 റണ്‍സ് ശരാശരിയോടെ 2336 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 69 വിക്കറ്റുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിഞ്ഞില്ല. ഒരേയൊരു ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. 2001 ഏപ്രിലില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് അദ്ദേഹം വിരമിച്ചു.

 

Latest News