Sorry, you need to enable JavaScript to visit this website.

ജോക്വിൻ ഫിനിക്‌സ്: ചിറകടിച്ചുയർന്ന അഭിനയ പാടവം 

ജോക്കർ എന്ന സിനിമയിൽ ആർതർ ഫ്‌ളെക് എന്ന ജോക്കർ കഥാപാത്രത്തെ അവതരിപ്പിച്ച് ഈ വർഷത്തെ മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം ജോക്വിൻ ഫിനിക്‌സിന്. ഓസ്‌കർ സ്വീകരിച്ച് ഈ അതുല്യ നടൻ നടത്തിയ വികാര തീവ്രമായ പ്രസംഗത്തിൽ നിന്ന്: 
ഒരുപാട് നന്ദി. ഓസ്‌കറിന് എന്നോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ള അഭിനേതാക്കളേക്കാൾ, അഥവാ ഇവിടെ കൂടിയിരിക്കുന്ന മറ്റു കലാകാരന്മാരും കലാകാരികളുമായ ആളുകളേക്കാൾ ഏറെയൊന്നും കേമനാണ് ഞാൻ എന്നെനിക്ക് തോന്നുന്നില്ല. കാരണം നമ്മൾ ഒരേ സ്‌നേഹം പങ്കിടുന്നവരാണ് – സിനിമയോടുള്ള സ്‌നേഹം. സിനിമയാണ് എനിക്കീ അസാധാരണമായ ജീവിതം സമ്മാനിച്ചത്. ഇത് കൂടാതെ മറ്റെന്താകുമെന്ന് എനിക്കറിയില്ല. സിനിമയില്ലാതെ എനിക്ക് ജീവിതമില്ല. 
പക്ഷേ, ശബ്ദമില്ലാത്തവർക്കായി ശബ്ദിക്കാനുള്ള അവസരമാണ് ചലച്ചിത്ര വ്യവസായം എനിക്കു നൽകിയ ഏറ്റവും വലിയ സമ്മാനം. നാമെല്ലാം അഭിമുഖീകരിക്കുന്ന ചില ദുരവസ്ഥകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു. ലിംഗപരമായ അസമത്വം, വർഗീയത, ഭിന്നലിംഗക്കാരുടെ അവകാശം, തദ്ദേശീയ സമൂഹങ്ങളുടെ അവകാശം, മൃഗങ്ങളുടെ അവകാശം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെ കുറിച്ചെല്ലാം നാം സംസാരിക്കുന്നുണ്ട്. അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു രാഷ്ട്രം, ഒരു ജനത, ഒരു വംശം, ഒരു ലിംഗഭേദം, ഒരൊറ്റ സമൂഹം തുടങ്ങിയവക്ക് മറ്റുള്ളതിന് മേൽ ആധിപത്യം ചെലുത്താമെന്ന വിശ്വാസത്തിനെതിരെയാണ് പക്ഷേ നാം ശബ്ദിക്കുന്നതെന്നത് എത്ര അഭിമാനകരമാണ്?


പ്രകൃതിയിൽ നിന്നും നമ്മൾ വല്ലാതെ വിഛേദിക്കപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. നമ്മളാണ് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന അഹന്തയാണ് നമുക്ക്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയാണ് നാം. പശുക്കളിൽ ബീജസങ്കലനം നടത്തിയും അവയുടെ കുഞ്ഞുങ്ങളെ മോഷ്ടിച്ചും നമ്മൾ നമ്മുടെ അഹന്ത പകടിപ്പിക്കുന്നു. കിടാവുകൾക്ക് കുടിക്കാനുള്ള പാൽ നമ്മൾ എടുത്ത് കോഫിയിലും ധാന്യത്തിലുമിട്ട് കഴിക്കുന്നു. എന്നാൽ ക്രിയാത്മകമായും ശാസ്ത്രീയ ഗവേഷണങ്ങളാലും മറ്റും നാം മനുഷ്യർ ഏറെ മുന്നിലാണ്. എല്ലാ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും പ്രയോജനകരമായ സംവിധാനങ്ങൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും നടപ്പിലാക്കാനും നമുക്ക് കഴിയും. 
എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു അപഹാസ്യനായിരുന്നു, സ്വാർത്ഥനായിരുന്നു. ചില സമയങ്ങളിൽ ക്രൂരനായിരുന്നു. ഈ മുറിയിൽ തടിച്ചുകൂടിയ നിങ്ങളിൽ പലരും എനിക്ക് രണ്ടാമതൊരു അവസരം നൽകിയവരാണ്. അതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. പരസ്പരം പിന്തുണക്കുമ്പോൾ മാത്രമാണ് നമ്മൾ നമ്മുടെ ഏറ്റവും മികച്ച അവസ്ഥയിൽ എത്തുന്നതെന്ന് ഞാൻ കരുതുന്നു. നമ്മുടെ മുൻകാല തെറ്റുകൾക്ക് പരസ്പരം റദ്ദാക്കുമ്പോഴല്ല, മറിച്ച് പരസ്പരം വളരാൻ സഹായിക്കുമ്പോഴാണ് നാം മികച്ചവരാകുന്നത്.
എന്റെ സഹോദരന് 17 വയസ്സുള്ള സമയത്ത് അവനെഴുതിയ വരി ഞാനിവിടെ ഉദ്ധരിക്കട്ടെ: 
രക്ഷക്കായി സ്‌നേഹത്തോടെ ഓടുക, സമാധാനം നിങ്ങളെ പിന്തുടരും... 

 

Latest News