Sorry, you need to enable JavaScript to visit this website.
Thursday , October   01, 2020
Thursday , October   01, 2020

സ്‌നേഹ: പ്രവാസ ലോകത്ത് നിന്നൊരു നായിക 

നൃത്തവേദിയിലെ മികവിലൂടെ മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന ഒട്ടേറെ അഭിനേത്രികളുണ്ട്. മഞ്ജു വാര്യരും നവ്യാ നായരും കാവ്യ മാധവനും ആശാ ശരത്തുമെല്ലാം അക്കൂട്ടത്തിലുണ്ട്. അവർക്കിടയിലേക്ക് പുതിയൊരു അഭിനേത്രി കൂടി കടന്നുവരികയാണ്. പ്രൊഫഷണൽ നർത്തകിയും നടിയും അഭിഭാഷകയുമെല്ലാമായ സ്‌നേഹാ അജിത്.
സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന 'ക്ഷണം' എന്ന ചിത്രത്തിലൂടെയാണ് സ്‌നേഹ മലയാള സിനിമയിലേക്ക് വലതുകാൽ വെക്കുന്നത്. തമിഴ് നടൻ ഭരത് നായകനാകുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് സ്‌നേഹ അവതരിപ്പിക്കുന്നത്. സൂര്യാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സ്‌നേഹ ഒരുക്കിയ കമലയുടെ നൃത്താവിഷ്‌കാരം കാണാനെത്തിയപ്പോഴാണ് സംവിധായകൻ സുരേഷ് ഉണ്ണിത്താന്റെ ശ്രദ്ധയിൽ പെടുന്നത്. അദ്ദേഹം വന്ന് അഭിനന്ദിക്കുകയും പരിചയപ്പെടുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അച്ഛന്റെ ഫോണിൽ വിളിച്ച് സ്‌നേഹക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് അന്വേഷിച്ചു. കുട്ടിക്കാലം തൊട്ടേ മനസ്സിൽ പേറി നടക്കുന്ന മോഹം സാക്ഷാൽക്കാരമാകുന്നതിൽ മാതാപിതാക്കൾ എതിരൊന്നും പറഞ്ഞില്ല.


കഥയുടെ ഒരു ഔട്ട് ലൈനാണ് ആദ്യം പറഞ്ഞത്. കേട്ടപ്പോൾ തന്നെ വലിയൊരു സംഭവമാണിതെന്ന് മനസ്സിലായി. ഒരു ഹൊറർ ചിത്രം. പോരാത്തതിന് സെൻട്രൽ ക്യാരക്ടറും. ഇത്രയും വലിയൊരു വേഷം അഭിനയിച്ചു ഫലിപ്പിക്കാനാവുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ പേടിയെല്ലാം മാറി. എല്ലാവരും സിനിമയുടെ ട്രാക്കിലായി. ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് കഥ മുന്നോട്ടു പോകുന്നതെന്നതിനാൽ വളരെ ശ്രദ്ധയോടെയാണ് ഓരോ രംഗവും അഭിനയിച്ചത്. സംവിധായകൻ സുരേഷ് സാറും നായകനായ ഭരതും മറ്റുള്ളവരും നല്ല സഹകരണമാണ് നൽകിയത്.

പ്രവാസ ഭൂമിയിൽനിന്നും സിനിമയിലെത്തിയ സ്‌നേഹയുടെ മാതാപിതാക്കൾ ഏറെക്കാലമായി ബഹ്‌റൈനിലാണ് കഴിയുന്നത്. സ്വദേശം തിരുവനന്തപുരത്താണെങ്കിലും സ്‌നേഹ പഠിച്ചതും വളർന്നതുമെല്ലാം ബഹ്‌റൈനിൽ തന്നെയായിരുന്നു. ബിരുദതലം വരെ ഗൾഫിലാണ് പഠിച്ചത്. പിന്നീട് യു.കെയിൽനിന്നും നിയമ ബിരുദം നേടി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽനിന്നുമാണ് നിയമത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് ബഹ്‌റൈനിൽ തിരിച്ചെത്തി ലീഗൽ ആന്റ് കംപ്ലയിന്റ്‌സ് ഓഫീസറായി രണ്ടു വർഷം ജോലി ചെയ്തു.


കുട്ടിക്കാലം തൊട്ടേ സിനിമാഭിനയം സ്വപ്നമായി താലോലിച്ച സ്‌നേഹ നൃത്ത രംഗത്തും സംഗീത രംഗത്തും എന്നും മുൻപന്തിയിലുണ്ടായിരുന്നു. കൂടാതെ മോണോ ആക്ട്, നാടകം തുടങ്ങി സ്‌കൂൾ കലോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു ഈ കലാകാരി. ഇന്ത്യൻ നൃത്തത്തെ അന്തർദേശീയ തലത്തിൽ അവതരിപ്പിക്കുന്ന സ്‌നേഹ ഒട്ടേറെ അംഗീകാരങ്ങൾക്കും അർഹയായിട്ടുണ്ട്.
ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിലെ കഥാപാത്രമായ കമലയുടെ ജീവിതം നൃത്ത നാടകമായി അവതരിപ്പിച്ചാണ് സ്‌നേഹ പ്രശസ്തയായത്. ഒരിക്കൽ ബഹ്‌റൈനിൽ ഈ നൃത്ത നാടകം അവതരിപ്പിച്ചപ്പോൾ മുഖ്യാതിഥിയായെത്തിയത് സൂര്യാ കൃഷ്ണമൂർത്തിയായിരുന്നു. എവിടെയും തിരസ്‌കൃതയാകുന്ന കമലയുടെ പാഴ്ക്കിനാവുകൾ നിറഞ്ഞ ജീവിതമാണ് സ്‌നേഹ കോറിയിട്ടത്. ബഹ്‌റൈനിലെ ഒരു സംഘം കലാകാരന്മാരും സ്‌നേഹക്ക് കൂട്ടായുണ്ടായിരുന്നു. മൂന്നു മാസത്തെ പരിശീലനത്തിലൂടെ നേടിയെടുത്ത ആർജവവുമായി അരങ്ങിലെത്തിയപ്പോൾ മികച്ച അഭിപ്രായമാണ് കമലയെ തേടിയെത്തിയത്. ബഹ്‌റൈനിലെ നൃത്താവിഷ്‌കാരം കണ്ട് ഇഷ്ടപ്പെട്ടാണ് സൂര്യാ കൃഷ്ണമൂർത്തി സ്‌നേഹയെ തിരുവനന്തപുരത്തേക്കു ക്ഷണിക്കുന്നത്. സ്വന്തം തട്ടകത്തിലെ നൃത്താവിഷ്‌കാരത്തിലൂടെ ജീവിതത്തിലെ ചിരകാല സ്വപ്നം പൂവണിയിക്കാനും സ്‌നേഹക്കു കഴിഞ്ഞു.


സുരേഷ് ഉണ്ണിത്താന്റെ ക്ഷണം ഹൊറർ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ്. നായികയായ കോളേജ് വിദ്യാർത്ഥിനിയുടെ വേഷം. ആദ്യ ചിത്രത്തിൽ തന്നെ നായികാ വേഷമാണ് സ്‌നേഹയെ കാത്തിരുന്നത്. അറുപതോളം ദിവസം നീണ്ട ചിത്രീകരണത്തിനിടയിൽ ഒരു പുതുമുഖമെന്ന നിലയിൽ എല്ലാവരിൽനിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്ന് സ്‌നേഹ പറയുന്നു.
നൃത്തത്തെ ജീവ വായുവായി കാണുന്ന ഈ കലാകാരി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക് എന്നിവയും അഭ്യസിച്ചു. സിനിമാറ്റിക് ഡാൻസും പരിശീലിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യൂനിവേഴ്‌സിറ്റിയിലെ നിയമ പഠനത്തിനിടയിൽ ഒരുക്കിയ നൃത്ത പരിപാടി കണ്ട് വിവിധ രാജ്യക്കാരായ കുട്ടികൾ നൃത്തം പരിശീലിക്കണമെന്ന മോഹം സ്‌നേഹയോടു പങ്കുവെച്ചിരുന്നു.
അതിനായി സ്‌നേഹയും മറ്റൊരു നർത്തകിയും ചേർന്ന് ഇന്ത്യൻ ഡാൻസ് സൊസൈറ്റി എന്നൊരു സംഘടനക്കു രൂപം നൽകുകയും നൃത്ത പരിശീലനം തുടങ്ങുകയും ചെയ്തു. യു.കെയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം കുട്ടികൾ അവിടെ നൃത്തം അഭ്യസിക്കാൻ എത്തിയിരുന്നു. ലണ്ടനിലെ കുട്ടികൾക്ക് ചിലങ്ക അണിയുകയെന്നത് ഒരു അപൂർവ അനുഭവമായിരുന്നു. ഒടുവിൽ അവർക്കായി  നൃത്ത പരിപാടിയും ഒരുക്കിക്കൊടുത്താണ് യു.കെയിൽനിന്നും മടങ്ങിയത്.


നിരവധി സ്‌റ്റേജ് ഷോകളുടെയും ഭാഗമാകാൻ സ്‌നേഹക്ക് കഴിഞ്ഞിട്ടുണ്ട്. കൈരളി ടി.വി ബഹ്‌റൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇഷ്ട താരമായ മോഹൻലാലിനോടൊപ്പം നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞത് മറക്കാനാവില്ല. ഷോയിൽ െവച്ച് അദ്ദേഹത്തിൽനിന്നും പുരസ്‌കാരം ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായി. അതേ വർഷം തന്നെ കൈരളിയുടെ മറ്റൊരു പരിപാടിയിൽ മമ്മൂട്ടിയുടെ മുൻപിൽ നൃത്തം അവതരിപ്പിക്കാനും കഴിഞ്ഞു. ഏഷ്യാനെറ്റ് യുവ അവാർഡ് ഖത്തറിൽ അരങ്ങേറിയപ്പോൾ അവിടെയും നൃത്ത പരിപാടികളുമായി സ്‌നേഹയുണ്ടായിരുന്നു. ദുൽഖർ സൽമാനും പാർവതിയുമെല്ലാം ആ പരിപാടിയുടെ ഭാഗമായിരുന്നു.


ഓസ്‌ട്രേലിയയിൽ ജയറാമിനും രമേഷ് പിഷാരടിക്കുമൊപ്പം നൃത്തം അവതരിപ്പിച്ചു. കൂടാതെ ഫ്‌ളവേഴ്‌സ് ടി.വി കൊച്ചിയിൽ നടത്തിയ കിറ്റെക്‌സ് അവാർഡ് വേദിയിലും സൂര്യാ ടി.വി ഒരുക്കിയ വേദിയിലുമെല്ലാം നൃത്തം അവതരിപ്പിച്ചു. കൂടാതെ ടെലിവിഷൻ പരിപാടികളുടെ അവതാരകയുമായി.
ബഹ്‌റൈനിലെ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ സി.ഇ.ഒ. ആയ അജിത് കുമാറിന്റെയും ഇന്റീരിയർ ഡിസൈനറായ ശാരദയുടെയും മകളാണ് സ്‌നേഹ. അനുജത്തി ശ്രേയ ബഹ്‌റൈൻ സെന്റ് ക്രിസ്‌റ്റോഫേഴ്‌സ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.


'ക്ഷണം' ഈ മാസം പുറത്തിറങ്ങും. ആദ്യ ചിത്രം പുറത്തുവരുന്നതോടെ സിനിമയിൽ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കും. നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ തുടരും. സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയപ്പോൾ തന്നെ ഉണ്ടായിരുന്ന ജോലി രാജിവെച്ചു. നൃത്തവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും സ്‌നേഹ കൂട്ടിച്ചേർക്കുന്നു.

Latest News