Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസമില്‍ എന്‍ആർസി ഡാറ്റ അപ്രത്യക്ഷമായി; സാങ്കേതിക പ്രശ്നമെന്ന് കേന്ദ്ര സർക്കാർ

ഗുവാഹത്തി- അസമില്‍ കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച പൗരന്മാരുടെ അന്തിമ പട്ടിക ഇതിനായി സ്വീകരിച്ച ക്ലൗഡ് സേവനത്തില്‍നിന്ന് അപ്രത്യക്ഷമായി. സുപ്രീംകോടതി നിർദേശിച്ച പ്രകാരം പ്രസിദ്ധീകരിച്ച ഡാറ്റ സ്റ്റേറ്റ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) വെബ്‌സൈറ്റിലാണ് അപ് ലോഡ് ചെയ്തിരുന്നത്.  

എൻ‌ആർ‌സി ഡാറ്റ സുരക്ഷിതമാണെന്നും സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു.  ക്ലൗഡില്‍ ഡാറ്റ കാണിക്കുന്നതിലുള്ള ചില സാങ്കേതിക പ്രശ്‌നങ്ങളാണെന്നും പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഐടി കമ്പനിയായ വിപ്രോയുമായുള്ള കരാർ പുതുക്കാത്തതാണ് പ്രശ്നമെന്നാണ് എൻ‌ആർ‌സി അധികൃതർ അവകാശപ്പെടുന്നത്.

2019 ഓഗസ്റ്റ് 31 ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം അസം എൻ‌ആർ‌സിയിൽ ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കുകയും ഉൾപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ പൂർണ്ണ വിവരങ്ങൾ  ഔദ്യോഗിക വെബ്‌സൈറ്റായ www.nrcassam.nic.in ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ജനുവരി 30 ന് നടന്ന യോഗത്തിൽ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഏകോപന സമിതി തീരുമാനിച്ചതായും ഫെബ്രുവരി ആദ്യ വാരം വിപ്രോയ്ക്ക് കത്തെഴുതിയതായും എൻ‌ആർ‌സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഹിതേഷ് ദേവ് ശർമ്മ പറഞ്ഞു. ഡാറ്റ ലഭ്യമാക്കുന്നതിന് വിപ്രോ നടപടികള്‍ സ്വീകരിക്കുകയാണെന്നും അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആളുകൾക്ക് ഇത് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ശർമ്മ പറഞ്ഞു.

വന്‍തോതിലുള്ള ഡാറ്റകൾക്കായി ക്ലൗഡ് സേവനം വിപ്രോയാണ് നല്‍കിയത്. ഇവരുടെ കരാർ കഴിഞ്ഞ ഒക്ടോബർ 19 വരെ ആയിരുന്നു. ഇത് മുൻ കോ-കോർഡിനേറ്റർ പ്രതീക് ഹജെല പുതുക്കിയിരുന്നില്ല. തുടർന്ന് ഡിസംബർ 15 മുതൽ ഡാറ്റ ഓഫ്‌ലൈനായി. വിപ്രോ ഇത് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നുവെന്നും  താന്‍ ഡിസംബർ 24 നാണ് ചുമതലയേറ്റതെന്നും  എൻ‌ആർ‌സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ വാർത്താ ഏജൻസിയോട് പറഞ്ഞു.

അസമിലെ എൻ‌ആർ‌സി കോ-ഓർഡിനേറ്ററായിരുന്ന പ്രതീക് ഹജെലയെ കഴിഞ്ഞ ഒക്ടോബറിൽ സ്ഥലംമാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിൻഗാമിയായ ശർമ്മയെ നിയമിച്ചതിലെ കാലതാമസം വിപ്രോയുമായുള്ള ക്ലൗഡ് സേവന വരി പുതുക്കുന്നതുൾപ്പെടെയുള്ള പ്രധാന ജോലികൾ മന്ദഗതിയിലാക്കിയെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഡാറ്റ അപ്രത്യക്ഷമായത് ദുരൂഹമാണെന്ന് അസമിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.

സംസ്ഥാനത്തുനിന്ന് മുസ്ലിംകളെ മാത്രം പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പൗരത്വ രജിസറ്ററില്‍നിന്ന് ലക്ഷക്കണക്കിന് മുസ്ലിംകളല്ലാത്തവര്‍ പുറത്തായത് കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയായിരുന്നു. ഹിന്ദുക്കളെ തിരികെ എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്.

 

Latest News