കുവൈത്ത് സിറ്റി- കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തില്‍ വിസ പുതുക്കാന്‍ അവസരം ഒരുങ്ങുന്നു. ഇതനുസരിച്ചു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ താമസ രേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള സംവിധാനം മാര്‍ച്ച് ഒന്നു മുതല്‍ നടപ്പില്‍ വരും. ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മഅറഫിയാണു ഇക്കാര്യം അറിയിച്ചത്.
ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ളവര്‍ക്ക് താമസരേഖ പുതുക്കുന്നതിനു പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. പകരം പുതിയ സംവിധാനത്തില്‍ പേരു രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മന്തൂബുമാര്ക്കും ഇതിനായി അനുവദിക്കപ്പെട്ട പ്രത്യേക യൂസര്‍ നെയിം, പാസ്വേര്ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി നേരിട്ട് താമസരേഖ പുതുക്കാവുന്നതാണ്. ഒന്നര ദശലക്ഷത്തിലധികം പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യുന്ന പുതിയ സംവിധാനം പാസ്പോര്‍ട്ട് കേന്ദ്രങ്ങളിലെ തിരക്ക് ഗണ്യമായി കുറക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






