Sorry, you need to enable JavaScript to visit this website.

ചതിക്കാത്ത പൊട്ടൻ

കഫീൽ വരാൻ വൈകുമോ? അൽപനേരത്തെ കാത്തിരിപ്പിനു ശേഷം മൽബു പഴയ കൂട്ടുകാരൻ ഹംസയോട് ചോദിച്ചു. ഏയ് ഇപ്പം വരുമെന്ന് ഹംസയുടെ മറുപടി.
രണ്ട് മൂന്ന് മാസം ജോലിയില്ലാതെ റൂമിൽ കുത്തിയിരുന്നപ്പോൾ ഒരു തിരക്കുമില്ലാരുന്നു. ഇതിപ്പോ പണി കിട്ടുമെന്ന് ഉറപ്പിച്ചു വന്നപ്പോൾ ഇരിക്കപ്പൊറുതി കിട്ടുന്നില്ല. ജോലിക്ക് നിക്കണമെന്ന് വിവരം നൽകിയതിനെ തുടർന്നാണ് ഓൾഡ് കഫീലിനെ തേടി മൽബു എത്തിയത്.
എവിടെ പോയതായിരിക്കും കഫീൽ. ഓർക്ക് പഴയ പരിപാടിയൊക്കെ ഇപ്പോഴുമുണ്ടോ? 


കഫീലിനെ പാപ്പരാക്കിയ മിസിരിപ്പെണ്ണിന്റെ കഥയൊക്കെ മനസ്സിൽവെച്ച് മൽബു വീണ്ടും ഹംസയോട് അന്വേഷിച്ചു. വെറുതെ ചോദിച്ചതുമല്ല. തന്നെ കൂട്ടിക്കൊണ്ടുവരാൻ വന്നത് ഒരു സുന്ദരി സയ്യിദത്തിയാണ്. അത് ആരാണെന്ന് മൽബുവിന് ഇനിയും പിടികിട്ടിയിട്ടില്ല. കാറിൽ കയറുന്നതിനു മുമ്പും കാറിൽ കയറിയ ശേഷവും അവർ പുഞ്ചിരിച്ചിരുന്നുവെങ്കിലും ആരാണെന്ന് ചോദിക്കാൻ ധൈര്യം വന്നിരുന്നില്ല. 
ഒന്നാം പ്രവാസത്തിൽ മനസ്സിൽ വിചാരിക്കാൻ പോലും പറ്റുന്ന കാര്യമായിരുന്നില്ല അത്. ഒരു സ്ത്രീ ഓടിക്കുന്ന കാറിൽ കയറി വരികയെന്നത്. ഇതൊക്കെ കാണാനായിരിക്കും മൽബുവിന് വീണ്ടും കടൽകടന്നു വരാനുള്ള വിധി.


കാർ ഓടിച്ചുവന്ന സ്ത്രീ കഫീലിന്റെ പുതിയ ആളായിരിക്കുമോ? 
കഫീലിനെ തേച്ചൊട്ടിച്ച് മിസ്രിപ്പെണ്ണ് നാടുവിട്ട ഒഴിവിൽ വേറെയും അപേക്ഷകരുണ്ടാകാമല്ലോ. ഏയ് അതായിരിക്കാൻ വഴിയില്ല. കെട്ടിയതോ കെട്ടാൻ പോകുന്നതോ ആയ മൊഞ്ചത്തിയെ ഒരു പണിക്കാരനെ കൂട്ടാൻ അയക്കില്ലല്ലോ. അതാരാണെന്ന് ചോദിക്കാനുള്ള മുട്ടൽ കലശലായതിനെ തുടർന്ന് അവസാനം അബ്ബാസിനോട് ചോദിച്ചു. 
വണ്ടിയുമായി ഇങ്ങള് വരൂന്നാ ഞാൻ വിചാരിച്ചത്. ആരാ ആ കാറുമായി വന്നത്. മുതലാളീന്റെ പുതിയ ആളാണോ?
ആളാന്ന് വെച്ചാൽ.. അബ്ബാസ് തിരിച്ചു ചോദിച്ചു. 
അതെ, മുതലാളീന്റെ പുതിയ ആളാണോന്നാ... പുതിയ മിസിസ്.
അയ്യേ.. മിസിസിനെ മൽബൂനെ കൂട്ടാൻ അയക്കോ.. ഇങ്ങളിപ്പോഴും പൊട്ടൻ തന്നെ അല്ലേ.. ഒട്ടും മയമില്ലാതെ അബ്ബാസ്. അത് ഇവിടത്തെ സ്റ്റാഫാണ്. 
അതല്ല, ഇവിടെ എന്താ പരിപാടി ?
പുറത്ത് ബോർഡ് കണ്ടില്ലേ. വർക്കോസ്..ഹംസയുടെ മറുപടി.


കൂട്ടാൻ വന്ന ലേഡിയുടെ ഒപ്പം തന്നെ സ്റ്റെപ്പ് ചാടിക്കയറിയപ്പോ ബോർഡ് നോക്കാനൊന്നും സമയം കിട്ടിയിരുന്നില്ല. പിന്നെ അബ്ബാസിനെ കാണാനും കെട്ടിപ്പിടിക്കാനും സെൽഫിയെടുത്ത് കെട്ട്യോൾക്ക് അയക്കാനുമൊക്കെ തിരക്കായിരുന്നു.
വർക്കോസെന്ന് പറഞ്ഞാൽ എന്തായിരിക്കും. മൽബുവിന് പിടികിട്ടിയില്ല. എന്തെങ്കിലും സാധനത്തിന്റെ പുതിയ ബ്രാൻഡായിരിക്കുമെന്ന് കരുതി. വർക്കോസെന്ന് വെച്ചാൽ എന്താണെന്ന് അബ്ബാസിനോട് ചോദിക്കാനും മടി. അതുപോലും അറിയാത്താളാണെന്നു വിചാരിച്ചാലോ. ഓരോ ദിവസവും എത്രയെത്ര ബ്രാൻഡുകളാണ് വരുന്നത്. പവർ ഹൗസിന്റെ കോമ്പറ്റീഷനോ മറ്റോ ആയിരിക്കും. ഓഫീസിന്റെ നാലു ഭാഗത്തേക്കും നോക്കി. ഇതിപ്പോ ഒരു ബിസിനസിന്റെ കെട്ടുംമട്ടൊന്നും കാണുന്നില്ല. എന്തായിരിക്കും ഈ വർക്കോസ്. 
പൊട്ടാന്ന് വിളിച്ചെങ്കിലും അബ്ബാസ് സ്നേഹമുള്ളവനാണ്. ഇല്ലെങ്കിൽ മൽബി ഫോണിൽ പേടിപ്പിച്ചിട്ടും തന്നോട് ഇത്രേം താൽപര്യം കാണിക്കോ. വിളിച്ചിട്ട് കിട്ടീലാന്നും വേറെ ആളെ നോക്കാന്നും കഫീലിനോട് പറഞ്ഞാൽ പോരേ. 
പൊട്ടച്ചോദ്യം ആകരുതെന്ന പ്രാർഥനയോടെ മൽബു വീണ്ടും ചോദിച്ചു. ഇവിടെ കുറെ സ്റ്റാഫുണ്ടോ?
ഒരു 750 പേരെങ്കിലും കാണും. 


ഓഫീസിൽ ആകെ അഞ്ചെട്ട് പേരെയേ കാണുന്നുള്ളൂ. എല്ലാവരും കംപ്യൂട്ടറുകൾക്ക് മുന്നിലാണ്. പിന്നെ ആ സയ്യിദത്തി കയറിപ്പോയ മുറിയുടെ വാതിൽ അടച്ചിട്ടുണ്ട്. അതിനകത്തായിരിക്കുമോ ബാക്കിയുള്ളവർ. ഇത്രം ആൾക്കാർ ജോലി ചെയ്യുന്ന ഈ സാധാനം എന്തായിരിക്കും. വർക്കോസ്. 
കഫീൽ വരാൻ ഇനിയും വൈകുമായിരിക്കും. ഞാൻ പുറത്തിറങ്ങി ഒരു ചായ കുടിച്ചിട്ടുവരാം -മൽബു പറഞ്ഞു. പുറത്തിറങ്ങിയാൽ കമ്പനിയുടെ ബോർഡ് നോക്കാലോ എന്ന് കണക്കുകൂട്ടിയാണ് മൽബു ഹംസയോട് പറഞ്ഞത്.


ഏയ് ചായക്ക് പുറത്തൊന്നും പോകണ്ട, ഇവിടെയുണ്ട്. ഓഫീസിലെ കിച്ചൺ എന്നെഴുതിയ ഡോറിനു  നേരെ വിരൽ ചൂണ്ടി ഹംസ പറഞ്ഞു. അതു മാത്രമല്ല, ആംഗ്യം കാണിച്ച ഉടൻ ഒരു ജോലിക്കാരൻ ട്രേയിൽ ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു. ചായ വേണോ കോഫി വേണോ സാർ.. അയാൾ ഭവ്യതയോടെ നിന്നു. 
ചായ മതി -മൽബു പറഞ്ഞു. 
പുറത്തിറങ്ങി പോയാൽ ബോർഡ് നോക്കി വർക്കോസ് എന്താണെന്നു കണ്ടുപിടിക്കാം. പക്ഷേ, ഹംസയോട് പറയാതെ പുറത്തിറങ്ങിപ്പോയാൽ പിന്നെ തിരികെ അകത്തു കയറാൻ പറ്റില്ലെന്ന പേടിയുണ്ട്. പുറത്ത് ഫിംഗറും ലോക്കും ഒക്കെ കണ്ടിരുന്നു. ഇങ്ങോട്ട് കയറുമ്പോളൾ സയ്യിദത്തി ഫിംഗർ വെച്ചാണ് ഡോർ തുറന്നിരുന്നത്. 
ചായ വോണോന്നു ചോദിച്ചുപോയ ബംഗാളിയുടെ പിന്നാലെ മൽബു കിച്ചണിലേക്ക് പോയി. 


ബംഗാളിയോട് സുഖവിവരങ്ങളൊക്കെ അന്വേഷിച്ച ശേഷം വർക്കോസ് എന്താണെന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും പിറകിൽനിന്ന് ഹംസയുടെ വിളി.
മൽബു വേഗം വാ. കഫീലെത്തി. 
കഫീൽ കയറിയ കാബിനിലേക്ക് ഹംസയോടൊപ്പം നടക്കുമ്പോൾ മനസ്സു നിറയെ വർക്കോസ് എന്തായിരിക്കുമെന്ന ചോദ്യമായിരുന്നു.  ജോലി എന്താണന്നറിയാനുള്ള തിടുക്കവും. 

Latest News