റിയാദ് - ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ പദവിയിൽ പുതുതായി നിയമിതനായ ഡോ. നായിഫ് അൽഹജ്‌റഫ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ജി.സി.സി സെക്രട്ടറി ജനറൽ പദവിയിൽ നിയമിതനായതിൽ ഡോ. നായിഫ് അൽഹജ്‌റഫിനെ അനുമോദിച്ച സൽമാൻ രാജാവ്, ഗൾഫ് രാജ്യങ്ങൾ തമ്മിലെ സഹകരണം ശക്തമാക്കുന്നതിനുള്ള പുതിയ ദൗത്യത്തിൽ വിജയകരമായി പ്രർത്തിക്കുന്നതിന് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഭരണാധികാരികളുടെ മോഹങ്ങളും പ്രതീക്ഷകളും സാക്ഷാൽക്കരിക്കുന്നതിനും ഗൾഫ് രാജ്യങ്ങൾ തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഡോ. നായിഫ് അൽഹജ്‌റഫ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട ഏതാനും വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും വിശകലനം ചെയ്തു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സൽമാൻ രാജാവിന്റെ പ്രൈവറ്റ് അസിസ്റ്റന്റ് സെക്രട്ടറി തമീം അൽസാലിം എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.






