ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ രണ്ടാം തവണയും ഹാജരായില്ല

കൊച്ചി-  നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പെരുമ്പാവൂര്‍ കുറുപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ നടന്‍ മോഹന്‍ലാല്‍ ഹാജരായില്ല. കേസ് മാര്‍ച്ച് 23ലേക്ക് വീണ്ടും മാറ്റി. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഹന്‍ലാല്‍ ഹാജരാകാത്തത്.

ഒക്ടോബര്‍ 11നാണ് മോഹന്‍ലാലിനെ പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 2012ല്‍ മോഹന്‍ലാലിന്റെ വീട് ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് കണ്ടെത്തിയിരുന്നത്. നിയവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചതിനാണ് മോഹന്‍ലാലിനെതിരെ കേസ്. 2015ല്‍ ആനക്കൊമ്പ് സൂക്ഷിക്കുവാന്‍ മോഹന്‍ലാലിനെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. കൃഷ്ണകുമാര്‍ എന്ന വ്യക്തി ആനക്കൊമ്പ് തനിക്ക് പാരിതോഷികമായി നല്‍കിയിരുന്നതാണെന്ന് മോഹന്‍ലാലും അവകാശവാദം ഉന്നയിച്ചു. എന്നാല്‍ ഇതിനെതിരെ പൗലോസ് അന്തിക്കാട് എന്നയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെടുത്ത് വനം വകുപ്പിനെ ഏല്‍പിച്ചതില്‍ രണ്ട് ജോടി ആനകൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത 11 ശില്പങ്ങളും ഉണ്ടായിരുന്നതായും എന്നാല്‍ കുറ്റപത്രത്തില്‍ രണ്ട് ആനകൊമ്പുകള്‍ മാത്രമാണ് ഉള്‍പെടുത്തിയിട്ടുള്ളൂവെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.
അതേ സമയം തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതെ കേസ് നീട്ടികൊണ്ടുപോകാനും ഹരജിക്കാരനെ സ്വാധീനിച്ച് കേസ് പിന്‍വലിപ്പിക്കുവാനും നീക്കം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെ കേസില്‍ നാല് പ്രതികളാണുള്ളത്.

 

 

Latest News