Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ: കണ്ണൂർ എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കി 

കണ്ണൂർ - കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  നിരീക്ഷണം ശക്തമാക്കി. യാത്രക്കാരെ മൂന്ന് ഘട്ടങ്ങളിൽ പരിശോധന നടത്തും.  ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ, അന്താരാഷ്ട്ര ടെർമിനൽ എന്നിവിടങ്ങളിൽ രണ്ട് ഹെൽപ് ഡെസ്‌കുകളിലായി യാത്രക്കാരെ 24 മണിക്കൂറും സ്‌ക്രീൻ ചെയ്യും. ഇതിനായി  ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടങ്ങിയ  രണ്ട് മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 


ആദ്യ ഘട്ടത്തിൽ യാത്രാവിവരം, യാത്ര ചെയ്ത രാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി യാത്രക്കാരിൽ നിന്ന് സെൽഫ് ഡിസ്‌ക്ലോസിംഗ് പ്രൊഫോർമയിൽ വിവരങ്ങൾ ശേഖരിക്കുകയും ഇക്കാര്യങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധിക്കുകയും ചെയ്യും.  രോഗബാധിത പ്രദേശങ്ങളിൽ യാത്ര ചെയ്തവരെ രണ്ടാംഘട്ട സ്‌ക്രീനിംഗിന് വിധേയമാക്കുകയും മറ്റുള്ളവർക്ക് വീടുകളിലേക്ക് പോകുന്നതിനുള്ള അനുവാദം നൽകുകയും ചെയ്യും. 


രണ്ടാം ഘട്ടത്തിൽ രോഗബാധിത പ്രദേശങ്ങളിൽ യാത്ര ചെയ്തവരെ  തെർമൽ സ്‌കാനിംഗ് സംവിധാനം ഉപയോഗിച്ച് പരിശോധിക്കുകയും രോഗ ലക്ഷണമില്ലാത്തവർക്ക് ത്രീ ലെയർ മാസ്‌ക് നൽകുകയും സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യാനും 28 ദിവസം ഹോം ക്വാറന്റൈനിൽ കഴിയാനുള്ള നിർദേശം നൽകുകയും ചെയ്യും. രണ്ടാം ഘട്ട പരിശോധനയിൽ രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയാണെങ്കിൽ തുടർ നടപടികൾ സ്വീകരിക്കും. ഇവരെ ഡോക്ടർ പരിശോധിക്കുകയും എൻ 95 മാസ്‌ക് നൽകി ആരോഗ്യ വകുപ്പിന്റെ കനിവ് 108 ആംബുലൻസിൽ ജില്ലയിൽ തയാറാക്കിയിട്ടുള്ള ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനുമാണ് തീരുമാനം.  


വിമാനത്താവളത്തിലെ രണ്ട് ഹെൽപ് ഡെസ്‌കുകളിലായി ഇതുവരെ  5200 യാത്രക്കാരെ പരിശോധിച്ചു. കൂടാളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സോനു ബി നായരാണ് ഹെൽപ് ഡെസ്‌കിന്റെ ചുമതല വഹിക്കുന്നത്. യാത്രക്കാരിൽ കൊറോണയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വിമാനത്താവളത്തിൽ ഏഴ് പ്രദർശന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.  യാത്രക്കാർക്ക് ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. കിയാലിന്റെ നേതൃത്വത്തിൽ  ടെയ്ക്ക് ഓഫ്, ലാന്റിംഗ് സമയങ്ങളിൽ ഫ്‌ളൈറ്റ് അനൗൺസ്‌മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനം   വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വിമാനത്താവളം സന്ദർശിച്ചിരുന്നു.

 

Latest News