Sorry, you need to enable JavaScript to visit this website.

കൊറോണ ക്രൂഡ് ഓയിൽ  വിപണിയെ പിടിച്ചുലച്ചു


പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ മുന്നേറി. പ്രമുഖ ഇൻഡക്‌സുകളുടെ കുതിപ്പ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ബജറ്റിന് ശേഷം ബോംബെ സെൻസെക്‌സ് 1407 പോയന്റും നിഫ്റ്റി 436 പോയന്റും തിളങ്ങി. അതേസമയം ആഗോള വിപണികൾ കൊറോണ വൈറസ് ഭീതിയിൽ അകപ്പെട്ടത് ക്രൂഡ് ഓയിൽ വിപണിയെ പിടിച്ചുലച്ചു. എണ്ണ വില താഴ്ന്നത് ഒരു വശത്ത് ഇന്ത്യൻ സാമ്പദ്ഘടനക്ക് അനുകൂലമായി. ക്രൂഡ് ഓയിൽ ഉൽപാദനം വെട്ടിക്കുറക്കുന്ന ആലോചനയിലാണ് ഉൽപാദക രാജ്യങ്ങൾ. ഒപെക്ക് ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണെങ്കിലും റഷ്യയുടെ തീരുമാനം അറിഞ്ഞ ശേഷം പുതിയ നിലപാട് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ന്യൂയോർക്കിൽ ക്രൂഡ് വില പിന്നിട്ട വാരം 2.4 ശതമാനം ഇടിഞ്ഞു.

2018 ന് ശേഷം ഇത്ര ശക്തമായ വില തകർച്ച എണ്ണ മാർക്കറ്റിൽ ആദ്യം. വൈറസ് ബാധ വിവരം പുറത്തു വന്ന ശേഷം ചൈനീസ് റിഫൈനറികൾ എണ്ണ ഉൽപാദനത്തിൽ 15 ശതമാനം കുറവ് വരുത്തി. ആഭ്യന്തര എണ്ണ ഉപയോഗത്തിലും കുറവ് വന്ന സാഹചര്യത്തിൽ അവർ ഉൽപാദനം വീണ്ടും കുറക്കാനിടയുണ്ട്.  ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 51.55 ഡോളറിൽ നിന്ന് 49.18 വരെ ഇടിഞ്ഞ ശേഷം 50.40 ഡോളറിലാണ്. എണ്ണ മാർക്കറ്റിൽ പെടുന്നനെ ഉടലെടുത്ത ഈ സെൽ പ്രഷർ അറബ് മേഖലയിൽ ഉടലെടുക്കുന്ന പിരിമുറുക്കം ഒഴിവാക്കാൻ ഒപെക്ക് ഉണർന്ന് പ്രവർത്തിക്കാം. എന്നാൽ അടിയന്തര യോഗം സംബന്ധിച്ച് സൂചനകൾ പുറത്തു വന്നിട്ടില്ല. നിലവിൽ 46.48 ഡോളറിൽ ക്രൂഡിന് താങ്ങുണ്ട്. 


ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ കാര്യമായ മാറ്റമില്ല. വാരാരംഭത്തിൽ ഡോളറിന് മുന്നിൽ രൂപ 71.52 ൽ നിന്ന് 71.09 ലേക്ക് നീങ്ങിയെങ്കിലും ക്ലോസിങിൽ വിനിമയ നിരക്ക് 71.49 ലാണ്. 
നിഫ്റ്റി സൂചിക ഓപനിംഗ് ദിനത്തിൽ നേരിയ റേഞ്ചിലാണ് നീങ്ങിയതെങ്കിലും ബജറ്റ് ആശങ്കകൾ വിട്ടുമാറിയതോടെ ഉണർവിലായി. 11,668 പോയന്റിൽ നിന്ന് 11,614 ലേക്ക് താഴ്ന്ന വേളയിലെ ശക്തമായ ബയിംഗ് സൂചിക 12,000 പോയന്റ് മറികടന്ന് 12,160 വരെ മുന്നേറിയ ശേഷം 12,098 ൽ ക്ലോസ് ചെയ്തു. ഈ വാരം ആദ്യ പ്രതിരോധം 12,234 പോയന്റിലാണ്. ഇത് മറികടന്നാൽ 12,370 നെ സൂചിക ലക്ഷ്യമിടും. വിപണിക്ക് തിരിച്ചടി നേരിട്ടാൽ 11,788 ലും 11,478 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം. ഇന്ന് 12,000-11,970 ൽ സപ്പോർട്ടുണ്ട്. 


ബോംബെ സെൻസെക്‌സ് 39,735 ൽ നിന്ന് മികവോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. മുൻനിര ഓഹരികളിലെ നിക്ഷേപ   താൽപര്യം സൂചികയെ 41,000 വും കടത്തി 41,405 വരെ ഉയർത്തിയെങ്കിലും വ്യാപാരാന്ത്യം സൂചിക 41,142 പോയന്റിലാണ്. ഈ വാരം 41,797 നെയാവും ആദ്യം ലക്ഷ്യമിടുക. ഇത് മറികടന്നാൽ 42,373 പോയന്റിലാവും തടസ്സം നേരിടുക. വിപണിക്ക് ഈ വാരം തടങ്ങ് 40,093 പോയന്റിലാവും. വിദേശ ഫണ്ടുകൾ തുടർച്ചയായ ആറാം മാസത്തിലും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകരാണെങ്കിലും ഫെബ്രുവരിയിൽ ഇതിനകം അവർ 1172 കോടി രൂപയുടെ വിൽപന നടത്തി. ബജറ്റിനെ കുറിച്ചുള്ള ആശങ്കകൾക്ക് ഒപ്പം കൊറോണ വൈറസ് ഭീതിയും വിൽപനക്ക് ഇടയാക്കി.  

ഈ വാരം 2330 കമ്പനികളിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന ഫലം പുറത്തു വരും. നാണയപ്പെരുപ്പത്തെ കുറിച്ചുള്ള പുതിയ കണക്കുകളും വെളളിയാഴ്ച പുറത്തുവിടും.  ഇതിനിടയിൽ വാരമധ്യം വ്യാവസായിക ഉൽപാദനം സംബന്ധിച്ച കണക്കുകളും എത്തും. ചെവാഴ്ചത്തെ ദൽഹി തെരഞ്ഞെടുപ്പ് ഫലവും വിപണിയെ സ്വാധീനിക്കും. ചൈനയിൽ നിന്നും അത്ര ശുഭകരമായ വാർത്തകളല്ല പുറത്തു വരുന്നത്. മരണ സംഖ്യക്കൊപ്പം അണുബാധകളുടെ എണ്ണവും ഉയരുന്നത് മേഖലയിൽ ആശങ്ക പരത്തുന്നു. ഇതിനിടയിൽ പല ആഗോള ഗവേഷണ ഏജൻസികൾ ചൈനക്കും ലോകത്തിനുമായുള്ള വളർച്ചാ പ്രവചനങ്ങൾ താഴ്ത്തി.

 

Latest News