യു.എ.ഇ ഗായികയുടെ ശരീര വടിവിനെ അപഹസിച്ച കുവൈത്തി ആക്ടിവിസ്റ്റിന് പിഴ

കുവൈത്ത് സിറ്റി - പ്രശസ്ത യു.എ.ഇ ഗായിക അഹ്‌ലാമിന് അപകീര്‍ത്തിയുണ്ടാക്കിയ കേസില്‍ കുവൈത്തി ആക്ടിവിസ്റ്റ് മുശാരി ബൂയാബിസിന് കുവൈത്ത് അപ്പീല്‍ കോടതി 5,000 കുവൈത്തി ദീനാര്‍ (16,000 ഡോളര്‍) പിഴ ചുമത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ അഹ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായാണ് പിഴ ചുമത്തിയത്. തുക അഹ്‌ലാമിന് കൈമാറും. തന്നെ അപകീര്‍ത്തിപ്പെടുത്തിയ മുശാരി ബൂയാബിസിനെതിരെ അഭിഭാഷകന്‍ ബദ്ര്‍ ബാഖിര്‍ വഴി അഹ്‌ലാം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. അഹ്‌ലാമിന് അപകീര്‍ത്തിയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ മുശാരി ബൂയാബിസ് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതി 2017 അവസാനത്തില്‍ മുശാരി ബൂയാബിസിന് 5,000 ദീനാര്‍ പിഴ ചുമത്തി. ഏറെ കാലം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഈ വിധി അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു. പ്രശസ്ത ലെബനീസ് ഗായിക നാന്‍സി അജ്‌റമിന്റെ ശരീരഭംഗിയുമായി അഹ്‌ലാമിന്റെ ശരീരത്തെ താരതമ്യം ചെയ്യുകയും അഹ്‌ലാമിന്റെ ആകാര സൗഷ്ടവത്തെ പരിഹസിക്കുകയുമാണ് പ്രതി ചെയ്തത്.

 

Latest News