Sorry, you need to enable JavaScript to visit this website.

എക്‌സ്‌പോ നടത്തിപ്പിന് മന്ത്രാലയങ്ങളുമായി കരാര്‍

ദുബായ്- ലോകം ഉറ്റുനോക്കുന്ന എക്‌സ്‌പോ-2020 നടത്തിപ്പുമായി ബന്ധപ്പെട്ട് എക്‌സ്‌പോ-2020 സംഘാടകര്‍ ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളുമായി രണ്ട് പ്രധാന കരാറുകള്‍ ഒപ്പുവെച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ കരാറുകളില്‍ ഒപ്പിട്ടു.
എക്‌സ്‌പോ-2020 യില്‍ കൂടുതല്‍ പൊതുജന സാന്നിധ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എക്‌സ്‌പോ-2020 യില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കരാര്‍പ്രകാരം അവസരം നല്‍കും. എക്‌സ്‌പോയിലൂടെ പ്രദര്‍ശിപ്പിക്കുന്ന നൂതന കണ്ടുപിടിത്തങ്ങളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും അറിയുന്നതിന് അവസരം പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന് യു.എ.ഇ സമൂഹത്തോടും സര്‍ക്കാര്‍ സംഘടനകളോടും ശൈഖ് മുഹമ്മദ് അഭ്യര്‍ഥിച്ചു.
മാനവികതയുടെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിന് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ചര്‍ച്ചചെയ്യാന്‍ എക്‌സ്‌പോ-2020 രാജ്യങ്ങളെ ഒരു കുടക്കീഴിലെത്തിക്കും. എക്‌സ്‌പോ നല്‍കുന്ന വിദ്യാഭ്യാസ, സാംസ്‌കാരിക, സൃഷ്ടിപരമായ അനുഭവങ്ങളില്‍ ഏര്‍പ്പെടാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഭരണാധികാരികള്‍ പ്രശംസിച്ചു.

 

Latest News