Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗോകുലത്തിന് ഹോം ഗ്രൗണ്ടിൽ തോൽവി

കോഴിക്കോട്- ഇംഗ്ലണ്ട് താരം റോബർട്ട്‌സണിന്റെ ഏകഗോളിൽ ഗോകുലം കേരള എഫ്.സിയെ കീഴടക്കി റിയൽ കാശ്മീർ. വിരസമായ ആദ്യപകുതിയ്ക്ക് ശേഷം ആവേശകരമായ രണ്ടാംപകുതിയിൽ നിർഭാഗ്യവും കാശ്മീർ ഗോൾകീപ്പർ ടെംപ ലാച്ചെൻപയുടെ ഉജ്ജ്വലപ്രകടനവുമാണ് മലബാറിയൻസിന് പ്രതികൂലമായത്. 49-ാം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോൾപിറന്നത്.  തോൽവിയോടെ ഗോകുലം അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാശ്മീർ മൂന്നാമതെത്തി. 12ന് ചെന്നൈ സിറ്റി എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത എവേ മത്സരം. 
ആദ്യപകുതിയിൽ കരുതിക്കളിച്ച ഇരുടീമുകളും ഒറ്റപ്പെട്ട നീക്കങ്ങൾമാത്രമാണ് പുറത്തെടുത്തത്. ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച മുൻ ഇന്ത്യൻ താരം  റോബിൻസിംഗിന് റിയൽ കാശ്മീർ  ആദ്യ ഇലവനിൽ സ്ഥാനം നൽകിയെങ്കിലും അവസരത്തിനൊത്തുയർന്നില്ല. രണ്ടാംപകുതിയിൽ തുടക്കം മുതൽ  മേധാവിത്വം പുലർത്തിയ സന്ദർശക ടീം കളി ഗോകുലം ഹാഫിലേക്ക് മാറ്റുകയായിരുന്നു. മികച്ച പാസിംഗ് ഗെയിമിലൂടെയാണ് ആദ്യഗോളിന് വഴിയൊരുങ്ങിയത്. ബോക്‌സിന് പുറത്തുനിന്ന് കാശ്മീർ ക്യാപ്റ്റൻ നൈജീരിയൻ താരം ലോവഡൈ നൽകിയ ക്രോസ് മാർക്ക് ചെയ്യാതെ നിൽക്കുകയായിരുന്ന റോബെർട്ട്‌സൺ കൃത്യമായി സ്വീകരിച്ച് ഫ്രീ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. ഇംഗ്ലീഷ് താരത്തിന്റെ സീസണിലെ അഞ്ചാംഗോൾ കേരള ഗോൾകീപ്പർ സി.കെ ഉബൈദിന് യാതൊരു അവസരവും നൽകിയില്ല. 
ഗോൾ വഴങ്ങിയതോടെ അപകടകാരിയായ ഗോകുലത്തെയാണ് കണ്ടത്. 50ാം മിനിറ്റിൽ നഥാനിയേൽ ഗാർഷ്യയുടെ ലോംഗ് റെയ്ഞ്ചർ പോസ്റ്റിന് ഉരസി പുറത്തേക്ക് പോയി. തൊട്ടടുത്ത മിനിറ്റിൽ മലബാറിയൻസിന്റെ ലാൽറംമാവിയയുടെ ഷോട്ട് പോസ്റ്റ് ബാറിന് തട്ടി പുറത്തേക്ക് പോയത് അവിശ്വസിനീയമായാണ് ആരാധകർ വീക്ഷിച്ചത്.  കോർണർ കിക്കിൽനിന്ന് ലഭിച്ച അവസരവും പാഴായി. ബോക്‌സിന് പുറത്തുനിന്ന് നിരന്തരം ലോംഗ് ഷോട്ടുകൾ ഉതിർത്ത് കാശ്മീർ ഗോളിയെ പ്രതിരോധത്തിലാക്കാൻ ഗോകുലം ശ്രമിച്ചു. കളിയിൽ എട്ട് തവണയാണ് ഗോകുലം ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചത്.   എന്നാൽ ഗോൾ കീപ്പറുടെ ചോരാത്ത കൈകൾ ആതിഥേയരുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തി. 63ാം മിനിറ്റിൽ ലഭിച്ച അവസരം കിസേക്ക നഷ്ടപ്പെടുത്തി. മാച്ചിൽ 67ശതമാനം ബോൾപൊസിഷനും ഗോകുലമായിരുന്നു. 
ഗോകുലം മുന്നേറ്റങ്ങൾക്കിടെ റോബിൻസിംഗിനെ പിൻവലിച്ച് സന്ദർശകർ ഡാനിഷ് ഫാറൂഖിന് അവസരം നൽകി. ജയിന്റ് കില്ലേഴ്‌സ് സീസണിൽ ആദ്യമായി മലയാളിതാരം എസ്. രാജേഷിന് അവസരം നൽകി. സമനിലഗോൾ ലക്ഷ്യമിട്ട് അവസാന പത്ത് മിനിറ്റിൽ  യുവതാരം ഷിബിൻ മുഹമ്മദിനേയും  കളത്തിലിറക്കി. 81ാം മിനിറ്റിൽ ബോക്‌സിനുള്ളിൽവെച്ച് ലഭിച്ച സുവർണാവസരം സ്റ്റാർ സ്‌െ്രെടക്കർ മാർക്കസ് ജോസഫ് നഷ്ടപ്പെടുത്തിയതോടെ ഗോകുലം നാലാം തോൽവി വഴങ്ങി. മലബാറിയൻസ് ഷോട്ടുകളെ ഫലപ്രദമായി നേരിട്ട കാശ്മീർ ഗോൾകീപ്പർ ടെംപ ലച്ചെൻപയാണ് ഹീറോ ഓഫ് ദി മാച്ച്. 

Latest News