കള്ള ടാക്‌സി: അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം 3,376 പേര്‍ക്ക് പിഴ ചുമത്തി

അബുദാബി - കള്ളടാക്‌സി ഓടിച്ച കേസില്‍ അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം 3,376 പേര്‍ക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു. സ്വകാര്യ വാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം അബുദാബി പോലീസ് 1,115 പരിശോധനാ കാമ്പയിനുകളാണ് നടത്തിയത്. ഇതിന്റെ ഫലമായി 3,376 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
ഔദ്യോഗിക പെര്‍മിറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നത് സാമൂഹിക, സാമ്പത്തിക, സുരക്ഷാ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അബുദാബി പോലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍റാശിദി പറഞ്ഞു. ഈ പ്രവണതക്ക് പരിഹാരം കാണുന്നതിനും ഇത്തരം അനധികൃത ടാക്‌സി സര്‍വീസുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കുന്നതിനും അബുദാബി പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കള്ള ടാക്‌സികള്‍ കണ്ടെത്തുന്നതിന് അബുദാബി പോലീസ് പരിശോധന ശക്തമാക്കിയത് ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധേയമായ നിലയില്‍ കുറയുന്നതിന് സഹായിച്ചതായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ലെഫ്. കേണല്‍ ഖാലിദ് മുഹമ്മദ് അല്‍ശഹി പറഞ്ഞു. ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് 3,000 ദിര്‍ഹം പിഴയും 30 ദിവസത്തേക്ക് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കലും 24 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ ലഭിക്കുകയെന്നും ലെഫ്. കേണല്‍ ഖാലിദ് മുഹമ്മദ് അല്‍ശഹി പറഞ്ഞു.

 

Latest News