ആരോഗ്യ പരിപാലന രംഗത്ത് പെൻറിഫ് (പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം) സംഘടിപ്പിച്ച മൂന്നാമത് ക്യാമ്പ് പ്രവാസികൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം ബാബ് മക്ക ഹിബ ഏഷ്യ ജനറൽ പോളിക്ലിനിക്കിൽ സംഘടിപ്പിച്ച പരിപാടി പ്രവാസികൾക്കിടയിൽ കണ്ടുവരുന്ന ജീവിത ശൈലീരോഗങ്ങൾ കണ്ടെത്തി പ്രാരംഭ ദിശയിൽ തന്നെ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പെരിന്തൽമണ്ണ താലൂക്ക് നിവാസികൾക്ക് പുറമെ വിവിധ രാജ്യക്കാരായ ഇരുനൂറ്റി അൻപതിലധികം പേർ ക്യാമ്പിനെത്തി. മെഡിക്കൽ സിറ്റി എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിലെ പ്രമുഖ ആശുപത്രികളുമായി ചേർന്ന് പെൻറിഫ് അംഗങ്ങളെയും നാട്ടിലെ കുടുംബത്തെയും ചേർത്തുകൊണ്ട് ഒരു സാമൂഹിക ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പാതയിലാണ് പെൻറിഫ്.
ജിദ്ദയിലെ സാമൂഹിക സാംസ്കാരിക കായിക കൂട്ടായ്മകളുടെ മുൻനിരയിലുള്ള ബിഷർ പി.കെ താഴേക്കോട് പ്രസിഡന്റും, നാസർ ശാന്തപുരം ജനറൽ സെക്രട്ടറിയും, വി.പി മജീദ് ട്രഷററും, അയ്യൂബ് മുസ്ലിയാരകത്ത് ചെയർമാനും 35ലധികം കർമനിരതരായ പ്രവർത്തകരും ചേർന്നതാണ് സംഘടന.