Sorry, you need to enable JavaScript to visit this website.
Thursday , October   01, 2020
Thursday , October   01, 2020

ആവശ്യത്തിന് ഉറങ്ങണേ, മയങ്ങാതെ നോക്കണേ

ഉംറ നിർവഹിച്ചു റിയാദിലേക്ക് തിരിച്ചു പോയ ഒരു കുടുംബം കാർ അപകടത്തിൽ പെട്ട് ദാരുണമായി മരണമടഞ്ഞ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസി മലയാളികളെ ഏറെ ദുഃഖിപ്പിച്ച വാർത്തയാണ്. അപകട കാരണം ഉറക്കമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും എല്ലാം എളുപ്പത്തിൽ നഷ്ടപ്പെട്ടു പോകും. 
നമ്മെ സംബന്ധിച്ചിടത്തോളം ജീവശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് ഉറക്കം. അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല അത് . പൂർണ്ണമായി ആരോഗ്യമുള്ള ഒരു മനുഷ്യന് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറക്കം അത്യാവശ്യമാണ്. വൈദ്യശാസ്ത്രരംഗത്തെ ഗവേഷകന്മാർ ഉറക്കമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏറെ ഗവേഷണം നടത്തിയിട്ടുണ്ട്. ശാരീരികമായി മാത്രമല്ല ഉറക്കം നമ്മെ സഹായിക്കുന്നത്. മാനസികവും ആത്മീയവുമായ ആർജവവും കൂടി ഉറക്കം പ്രദാനം ചെയ്യുന്നുണ്ട്. 
ഏതാനും വർഷങ്ങൾക്ക് മുമ്പ് പതിനേഴ് വയസ്സുകാരനായ ഒരു ചെറുപ്പക്കാരൻ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാൻ 264 മണിക്കൂറുകൾ അതായത് 11 ദിവസം തുടർച്ചയായി ഉറങ്ങാതിരുന്ന പ്രസിദ്ധമായ ഒരു സംഭവമുണ്ടായിരുന്നു. സ്ഥിരമായ പ്രശ്‌നങ്ങളൊന്നും ഉറക്കമിളച്ചത് കൊണ്ട് അവനെ ബാധിച്ചില്ലെങ്കിലും ക്രമേണ ചിന്താശേഷി അപകടത്തിൽ ആവുകയും സംസാരശേഷി തടസ്സപ്പെടുകയും ഓർമ്മത്തെറ്റ് സംഭവിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 
പലതരത്തിലുള്ള ഗൗരവതരമായ പ്രത്യാഘാതങ്ങളും ഉറക്കമില്ലായ്മ കൊണ്ട് സംഭവിക്കാറുണ്ട്. ഒരു വർഷത്തിൽ പതിനായിരക്കണക്കിന് റോഡപകടങ്ങളെങ്കിലും വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോവുന്നത് കാരണം ലോകത്ത് സംഭവിക്കുന്നുണ്ട്. അമേരിക്കയിൽ മാത്രം ആറായിരത്തി നാനൂറ് പേർ പ്രതിവർഷം ഡ്രൈവിംഗിനിടെ മയങ്ങിപ്പോയത് കാരണം നിത്യ നിദ്രയിലേക്ക് മടങ്ങാറുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
അഞ്ചു പേരിൽ ഒരാളെങ്കിലും വാഹനം ഓടിക്കുന്നതിനിടയിൽ മയങ്ങി പോകാറുള്ളതായിട്ടാണ് ഗവേഷണഫലം തെളിയിക്കുന്നത്.
രാത്രികാലങ്ങളിൽ റോഡപകടങ്ങൾ കൂടുതൽ ഉണ്ടാവുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. 
വാഹനമോടിക്കുന്നയാൾക്ക് ആവശ്യത്തിന് ഉറക്കം കിട്ടാതിരിക്കുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുമ്പോൾ എളുപ്പത്തിൽ മയക്കത്തിലേക്ക് വഴുതാം. മയക്കം അനുഭവപ്പെടുന്ന മനസ്സിന് തീരുമാനങ്ങൾ കൈകൊള്ളാനുള്ള പ്രാപ്തി നഷ്ടപ്പെടുന്നു. ഇത് കാരണം പൊടുന്നനെ വാഹനത്തിന്റെ നിയന്ത്രണം കൈവിട്ടു പോവാനിടയാവുന്നതാണ് അപകടങ്ങൾക്ക് മുഖ്യ കാരണം.
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവരുടെ എണ്ണം നിത്യേന കൂടി കൂടി വരികയാണ്. കുത്തഴിഞ്ഞ ജീവിത ശൈലി , സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, മാനസിക സംഘർഷങ്ങൾ , തൊഴിൽ പരമായ വെല്ലുവിളികൾ. ആരോഗ്യ പ്രശ്‌നങ്ങൾ, വിശ്രമമില്ലാത്ത ദീർഘയാത്രകൾ തുടങ്ങി ഒരു പാട് കാരണങ്ങൾ നമ്മുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ക്ഷീണിതനായി, വേണ്ടത്ര ഉറക്കം കിട്ടാതെ വാഹനമോടിക്കേണ്ടി വരുന്ന നിർബന്ധിത സാഹചര്യത്തിൽ കൺപോളകളിൽ മയക്കം അനുഭവപ്പെട്ട് തുടങ്ങിയാൽ യാതൊരു കാരണ വശാലും വാഹനം ഓടിക്കാതിരിക്കുകയാണ് അഭികാമ്യം. വാഹനം സുരക്ഷിതമായി ഒരിടത്ത് നിർത്തിയിട്ട് ചുരുങ്ങിയത് ഇരുപത് മിനുട്ട് നേരം ഉറങ്ങാനുള്ള വിവേകമാണ് വേണ്ടത്. അത്രയും നേരത്ത ഉറക്കം കൊണ്ട് ക്ഷീണമകലും. ശ്രദ്ധയും മനോ നിയന്ത്രണവും തിരികെ ലഭിക്കും.
സൗദിയുടെ വിദൂര ഭാഗങ്ങളിൽ നിന്നും വാരാന്ത്യങ്ങളിൽ കുടുംബസമേതം ഉംറ നിർവ്വഹിക്കാൻ വരുന്നവർ വിശുദ്ധ കർമ്മങ്ങൾക്കും യാത്രയ്ക്കും പുറമേ ആവശ്യത്തിന് ഉറങ്ങാനുള്ള സമയം മുൻകൂട്ടി ആസൂത്രണം ചെയ്‌തേ യാത്ര തിരിക്കാവൂ. തിരക്കും ക്ഷീണവും ഉറക്കകുറവും ഉണ്ടായിരിക്കേ വേണ്ടത്ര മുൻ കരുതൽ കൈകൊള്ളാതെ നിരുത്തരവാദപരമായ അമിതാവേശവും കൂടി കാണിച്ചാൽ നിങ്ങൾ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നറിയുക.