അബഹ - അസീർ പ്രവിശ്യയിലെ വിജനമായ വാദിയിൽ പ്രവർത്തിച്ചിരുന്ന മദ്യനിർമാണ കേന്ദ്രം സുരക്ഷാ വകുപ്പുകളും മതകാര്യ പോലീസും ചേർന്ന് കണ്ടെത്തി. താഴ്‌വരയിൽ ഇടതൂർന്ന് വളർന്ന കുറ്റിച്ചെടികൾക്ക് നടുവിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വാദിയിലെ ജലാശയത്തിൽ നിന്നുള്ള വെള്ളമാണ് മദ്യം നിർമിക്കുന്നതിന് ഉപയോഗിച്ചിരുന്നത്.
350 ലിറ്റർ വീതം ശേഷിയുള്ള 19 വീപ്പ മദ്യവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും അസംസ്‌കൃത വസ്തുക്കളും ഇവിടെ കണ്ടെത്തി. മദ്യശേഖരം അധികൃതർ നശിപ്പിച്ചു. മദ്യനിർമാണ കേന്ദ്രം നടത്തിയിരുന്ന നിയമ ലംഘകരെ റെയ്ഡിനിടെ പിടികൂടാനായില്ല. പ്രതികൾക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്.







