ജപ്തി ഭയന്ന് പ്രവാസി  ജീവനൊടുക്കി

കൊല്ലം- കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നുള്ള ജപ്തി നടപടി ഭയന്ന് പ്രവാസി ജീവനൊടുക്കി. പുനലൂർ പ്ലാത്തറ മുത്തുക്കുഴി പ്ലാത്തറ പുത്തൻവീട്ടിൽ എസ്.അജയകുമാറാണ് (52) ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളിൽ ഹാളിലെ ഫാനിൽ കൈലിമുണ്ടിൽ ജീവനൊടുക്കുകയായിരുന്നു. പ്രവാസിയായിരുന്ന അജയകുമാർ 2016 ൽ പത്തനാപുരം കാർഷിക ഗ്രാമ വികസന സഹകരണ ബാങ്കിൽ നിന്ന് വീടുവയ്ക്കാൻ നാലു ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നു. ഹൃദയ സംബന്ധമായ രോഗത്താൽ ഒരു വർഷം മുമ്പ് നാട്ടിലെത്തിയ അജയകുമാർ വർക്ക്‌ഷോപ്പിൽ ജോലിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്. മതിയായ വരുമാനം ഇല്ലാത്തതും രോഗ ചികിത്സയും കാരണം വായ്പാ തിരിച്ചടവ് മുടങ്ങി. ഇതിനെ തുടർന്ന് പണം അടപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. കഴിഞ്ഞ നവംബർ 28ന് ബാങ്കിൽ നിന്നും നോട്ടീസും അയച്ചു. ഇതിനെ തുടർന്ന് പണം അടച്ചു തീർക്കാൻ അജയകുമാർ കാലാവധി ആവശ്യപ്പെട്ടിരുന്നു. കൂടാതെ അജയകുമാറിന്റെ വീട് ഉടൻ ലേലത്തിൽ വിൽക്കുമെന്ന് ബാങ്കുകാർ നോട്ടീസുമായി വന്നപ്പോൾ നാട്ടുകാരോട് പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. ഇതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് അജയകുമാർ ജീവനൊടുക്കിയതെന്ന്   സഹോദരൻ എസ്.കുമാർ പറഞ്ഞു. പുനലൂർ പോലീസ് കേസെടുത്ത് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: മിനികുമാരി. മക്കൾ: അമിത, അഞ്ജു. 
അതേസമയം, പ്രവാസി പുനലൂർ മുത്തുക്കുഴി പ്ലാത്തറ പുത്തൻവീട്ടിൽ അജയകുമാറിന്റെ ആത്മമഹത്യ ബാങ്ക് നടപടിയെ തുടർന്നല്ലെന്ന് പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ബി.അജയകുമാറും സെക്രട്ടറി എസ്.ഷാജികുമാറും പറഞ്ഞു. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ സ്വീകരിക്കേണ്ട സാധാരണ നടപടികളെ അജയകുമാറിന്റെ കാര്യത്തിലും ചെയ്തുള്ളൂവെന്നും മറ്റുള്ള അരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.

Latest News