ഇവര്‍ക്കൊന്നും വേറെ പണിയില്ലേ?  പ്രിയങ്ക ചോപ്രയുടെ അമ്മ ചോദിക്കുന്നു 

മുംബൈ-ഗ്രാമി പുരസ്‌കാര വേദിയിലെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ലുക്ക് 
വൈറലായിരുന്നു. റാള്‍ഫ് ആന്‍ഡ് റസ്സോ കലക്ഷനിലെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണിലാണ് പ്രിയങ്ക എത്തിയത്. വെള്ള നിറത്തിലുളള സാറ്റിന്‍ ഗൗണിന് ഇറക്കമുള്ള കഴുത്തും ചിറകു പോലെയുള്ള സ്ലീവുകളും നീളന്‍ ട്രെയിലുമായിരുന്നു ഉണ്ടായിരുന്നത്. റെഡ് കാര്‍പറ്റില്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റാന്‍ പ്രിയങ്കയുടെ ഈ വേഷത്തിന് സാധിച്ചു. എന്നാല്‍ ശ്രദ്ധ നേടിയതിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നു.
എന്നാല്‍ പ്രിയങ്ക നേരിട്ട വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്കയുടെ മാതാവ് മധു ചോപ്ര. '' പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. പരിഹസിക്കുന്നവര്‍ അവരുടെ കംപ്യൂട്ടറുകള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നതാണ്. മാത്രമല്ല, അവര്‍ക്ക് പലതും മറച്ചു വെയ്ക്കാനും കാണും. വസ്ത്രം ഡിസൈന്‍ ചെയ്ത പ്രശസ്ത ഡിസൈനര്‍മാരായ റാല്‍ഫ്, റൂസോ എന്നിവരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടു. ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ എനിക്ക് സന്തോഷമാണ്. കാരണം അവളെ കൂടുതല്‍ കരുത്തയാക്കാന്‍ ഈ പരിഹാസങ്ങള്‍ക്ക് സാധിക്കും.
പ്രിയങ്ക അവളുടെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നത്. മറ്റുള്ളവരെ അവള്‍ ഉപദ്രവിക്കാറില്ല. അത് അവളുടെ ശരീരമാണ്. അവള്‍ സുന്ദരിയുമാണ്. ഈ വസ്ത്രം ധരിക്കുന്നതിനു മുന്‍പ് അവള്‍ എന്നെ കാണിച്ചിരുന്നു. വസ്ത്രം കണ്ടപ്പോള്‍ ഒരു പൊതുവേദിയില്‍ ധരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ ആദ്യം കരുതി. പക്ഷേ, അവള്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. വേറെ ജോലിയൊന്നും ഇല്ലാത്തവരാണ് ട്രോളുകളുമായി എത്തുന്നത്. അവര്‍ കംപ്യൂട്ടറുകള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്നവരാണ്. ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയില്ല.''  മധു ചോപ്ര പറഞ്ഞു.

Latest News