പര്‍ദയിട്ട് ഷഹീന്‍ബാഗിലെത്തിയ ബി.ജെ.പിയുടെ യൂട്യൂബ് താരം പിടിയില്‍-video

ന്യൂദല്‍ഹി- പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്ന ദല്‍ഹി ഷഹീന്‍ ബാഗിലെ സമരവേദിയിലേക്ക് ബുര്‍ഖ ധരിച്ചു നുഴഞ്ഞു കയറിയ യുവതി പിടിയില്‍. യൂട്യൂബ് താരമായ ഗുഞ്ജ കപൂറിനെയാണ് സമരം നടത്തുന്ന വനിതകള്‍ പിടികൂടി പോലീസിനെ ഏല്‍പിച്ചത്.
ബി.ജെ.പി അനുകൂലിയായ ഗുഞ്ജ യൂട്യൂബില്‍ ബി.ജെ.പിയെയും അനുബന്ധ സംഘടനകളെയും അനുകൂലിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന യുവതിയാണ്. സമരത്തിനിടയില്‍ ബുര്‍ഖ ധരിച്ച് കടന്നു കൂടി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് സമരക്കാരായ വനിതകള്‍ ഇവരെ തിരിച്ചറിഞ്ഞു പിടികൂടിയത്. പിന്നീട് പോലീസെത്തി യുവതിയെ സരിത വിഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ട്വിറ്ററില്‍ 24,000 ഫോളോവേഴ്‌സ് ഉള്ള ഗുഞ്ജ കപൂറിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി എംപി തേജസ്വി സൂര്യ അടക്കമുള്ളവര്‍ ഫോളോ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബി.ജെ.പിയേയും അനുകൂലിക്കുന്ന പോസ്റ്റുകളാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്. റൈറ്റ് നറേറ്റീവ് എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്.
ഷഹീന്‍ ബാഗിലെ സമരക്കാരോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് യുവതിയെ കുറിച്ച് സംശയം ഉയര്‍ന്നത്. അങ്ങനെയാണ് സമരക്കാരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞതും. ഷഹീന്‍ ബാഗ് സമരത്തെ ഏതു വിധേയനയും ഒഴിപ്പിക്കുമെന്നാണ് കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ദല്‍ഹി തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നത്. സമാധാനപരമായ പ്രതിഷേധിക്കുന്ന വനിതകളെ എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ വട്ടം കറങ്ങുകയാണ് ദല്‍ഹി പോലീസും.

    

 

Latest News