മക്ക- ആയിരക്കണക്കിന് യെമനി ഹജ് തീർഥാടകരുടെ യാത്ര ഹൂത്തി മിലീഷ്യകൾ തടസ്സപ്പെടുത്തുന്നതായി യെമൻ ഔഖാഫ് മന്ത്രാലയം. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽനിന്ന് തീർഥാടകർ മക്കയിലേക്ക് തിരിക്കുന്നത് ഹൂത്തികൾ തടയുകയാണ്. രണ്ടായിരത്തിലേറെ ഹജ് തീർഥാടകരുടെ പാസ്പോർട്ടുകൾ ഹൂത്തികൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഔഖാഫ് മന്ത്രാലയ അണ്ടർ സെക്രട്ടറി മുഖ്താർ അൽറബാശ് പറഞ്ഞു. നൂറുകണക്കിന് തീർഥാടകരുടെ യാത്രക്ക് ഹൂത്തികൾ പ്രതിബന്ധം സൃഷ്ടിച്ചിട്ടുമുണ്ട്. രണ്ടായിരത്തിലേറെ ഹാജിമാരുടെ പാസ്പോർട്ടുകൾ ചെക്ക് പോയിന്റുകളിൽ ഹൂത്തികൾ പിടിച്ചെടുത്തു. ഇത് തീർഥാടകരുടെ യാത്രാ ക്രമീകരണങ്ങൾ അവതാളത്തിലാക്കിയതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, മക്കയിലെത്തിയ ആദ്യ യെമനി ഹജ് സംഘത്തെ യെമൻ ഔഖാഫ് മന്ത്രി ഡോ. അഹ്മദ് അതിയ്യ സ്വീകരിച്ചു. സൗദി-യെമൻ വകുപ്പുകൾ ഏകോപനം നടത്തി യെമൻ തീർഥാടകർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.