റിയാദ് - ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കി കടും പച്ച, പ്ലാറ്റിനം വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അതിവേഗ വിസ സേവനം റദ്ദാക്കിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രോത്സാഹനമെന്നോണം കടും പച്ച, പ്ലാറ്റിനം സ്ഥാപനങ്ങൾക്ക് ഫാസ്റ്റ് ട്രാക്ക് വിസ സേവനം മന്ത്രാലയം നേരത്തെ നൽകിയിരുന്നു. രണ്ടു വർഷം മുമ്പാണ് ഈ സേവനം മന്ത്രാലയം ആരംഭിച്ചത്. പുതിയ ശാഖകൾ ആരംഭിക്കുന്നതിനും സ്ഥാപന വിപുലീകരണത്തിനും ആവശ്യമായ വിസകൾ ഇത്തരം സ്ഥാപനങ്ങൾക്ക് ഉടനടി അനുവദിക്കുന്ന സേവനമായിരുന്നു ഇത്. അപേക്ഷ ലഭിച്ചാലുടൻ വിസ അനുവദിക്കുകയാണ് ചെയ്തിരുന്നത്. ഈ വിസകൾ സ്ഥാപനങ്ങൾക്ക് സൗകര്യം പോലെ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുമായിരുന്നു.
ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കിയ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സ്ഥാപന വിപുലീകരണത്തിനും പുതിയ ശാഖകൾ തുറക്കുന്നതിനും ആഗ്രഹിക്കുന്ന കടും പച്ച, പ്ലാറ്റിനം സ്ഥാപനങ്ങളും തൊഴിലവസരങ്ങളെ കുറിച്ച് നാഷണൽ ലേബർ ഗേറ്റ്‌വേ (താഖാത്ത്) പരസ്യപ്പെടുത്തിയിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്. മറ്റു വിഭാഗം സ്ഥാപനങ്ങളെ അപേക്ഷിച്ച് കടും പച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങൾക്ക് കൂടുതൽ വേഗത്തിൽ മന്ത്രാലയം വിസ അനുവദിക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ തൊഴിലവസരങ്ങളെയും കുറിച്ച് താഖാത്ത് പോർട്ടലിൽ നിശ്ചിത കാലം പരസ്യപ്പെടുത്തൽ നിർബന്ധമാക്കിയിട്ടുണ്ട്. താഖാത്ത് പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടും യോഗ്യരായ സൗദികളെ കിട്ടാനില്ലെന്ന് പൂർണമായും ഉറപ്പുവരുത്തിയ ശേഷമാണ് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥാപനങ്ങൾക്ക് വിസകൾ അനുവദിക്കുന്നത്.
പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങൾ ഏഴു ദിവസമാണ് താഖാത്ത് പോർട്ടലിൽ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തേണ്ടത്. കടും പച്ച വിഭാഗം സ്ഥാപനങ്ങൾ പതിനാലു ദിവസവും മറ്റു വിഭാഗം സ്ഥാപനങ്ങൾ 45 ദിവസവും താഖാത്ത് പോർട്ടലിൽ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തിയിരിക്കണം. നിശ്ചിത കാലം താഖാത്ത് പോർട്ടലിൽ തൊഴിലവസരങ്ങളെ കുറിച്ച് പരസ്യപ്പെടുത്തിയിട്ടും യോഗ്യരായ സൗദി ഉദ്യോഗാർഥികളെ ലഭിക്കാത്ത പക്ഷം സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ വിസകൾ അനുവദിക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി ഉയർന്നിട്ടുണ്ട്. സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ശ്രമിച്ച് 2011 ലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിതാഖാത്ത് നടപ്പാക്കി തുടങ്ങിയത്.