റിയാദ് - സൗദിയിൽ അനിയന്ത്രിതമായി വിവാഹ മോചനം ചെയ്യുന്ന പ്രവണതക്ക് നീതിന്യായ മന്ത്രാലയം തടയിടുന്നു. രാജ്യത്ത് വിവാഹ മോചന നിരക്ക് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് തന്നിഷ്ട പ്രകാരമുള്ള വിവാഹ മോചനങ്ങൾക്ക് മന്ത്രാലയം തടയിടുന്നത്. വിവാഹ മോചന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഭാര്യയും ഭർത്താവും കോടതിയിൽ ജഡ്ജിക്കു മുന്നിൽ ഹാജരാകൽ നിർബന്ധിക്കുന്ന വ്യവസ്ഥ നീതിന്യായ മന്ത്രാലയം വൈകാതെ നടപ്പാക്കുമെന്ന് വകുപ്പ് മന്ത്രി ഡോ. വലീദ് അൽസ്വംആനി വെളിപ്പെടുത്തി.
ഭാര്യയും ഭർത്താവും ജഡ്ജിക്കു മുന്നിൽ നേരിട്ട് ഹാജരാകാതെ ഭർത്താവിന് ഭാര്യയെ വിവാഹ മോചനം ചെയ്യാൻ സാധിക്കില്ല. ജീവനാംശം, കുട്ടികളുടെ സംരക്ഷണ ചുമതല, കുട്ടികളെ സന്ദർശിക്കുന്നതിനുള്ള അവകാശം എന്നീ കാര്യങ്ങളിൽ തീർപ്പ് കൽപിച്ച ശേഷമല്ലാതെ വിവാഹ മോചന സർട്ടിഫിക്കറ്റുകൾ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സൗദിയിൽ നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്രത അടിസ്ഥാന തത്വമാണ്. നീതിന്യായ മന്ത്രിക്കോ മറ്റേതെങ്കിലും വ്യക്തിക്കോ നീതിന്യായ സംവിധാനത്തിൽ ഏതെങ്കിലും രീതിയിൽ ഇടപെടാൻ കഴിയില്ലെന്നും ഡോ. വലീദ് അൽസ്വംആനി പറഞ്ഞു.
സൗദിയിൽ ഓരോ മണിക്കൂറിലും ശരാശരി ഏഴു വിവാഹ മോചനങ്ങൾ വീതം നടക്കുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹ മോചനങ്ങളുടെ ഫലമായി പ്രതിവർഷം 350 കോടി റിയാലിന്റെ സാമ്പത്തിക നഷ്ടങ്ങളുണ്ടാകുന്നുണ്ട്. സൗദിയിൽ തുടർച്ചയായി അഞ്ചാം വർഷവും വിവാഹ മോചന നിരക്ക് വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം വിവാഹ നിരക്കുകൾ കുറയുകയും ചെയ്തു. രാജ്യത്ത് മൂന്നിലൊന്നോളം വിവാഹങ്ങളും വിവാഹ മോചനത്തിൽ കലാശിക്കുകയാണ്. പത്തു വിവാഹങ്ങളിൽ മൂെന്നണ്ണവും പരാജയപ്പെടുന്നതായി ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിവാഹ മോചന നിരക്കാണിത്.