ന്യൂദൽഹി- ദൽഹിയിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കാൻ വെല്ലുവിളിച്ച് ആം ആദ്മി നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ശേഷിച്ചിരിക്കെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ദൽഹിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയാൽ ആരാണ് തങ്ങളെ ഭരിക്കുക എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. നാളെ ഉച്ചക്ക് ഒരു മണിക്ക് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബി.ജെ.പിയെ വെല്ലുവിളിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായി താൻ സംവാദത്തിന് തയ്യാറാണെന്നും കെജ്്രിവാൾ വ്യക്തമാക്കി. ദൽഹിയിൽ ബി.ജെ.പിക്ക് ഏഴ് മുഖ്യമന്ത്രി സ്ഥാനാർഥികളുണ്ടെന്നായിരുന്നു നേരത്തെ അമിത് ഷാ പറഞ്ഞിരുന്നത്. എന്നാൽ ഇതേവരെ ഒരാളുടെ പേര് പോലും പ്രഖ്യാപിക്കാനായിട്ടില്ലെന്നും കെജ്രിവാൾ ആരോപിച്ചു.