ന്യൂദല്‍ഹി- കേരളത്തില്‍ ലവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍. ബെന്നി ബഹനാന്‍ എം.പിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര ഏജന്‍സികളൊന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ രണ്ട് മിശ്രവിവാഹങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ പറഞ്ഞു. ലവ് ജിഹാദിന് നിലവിലെ നിയമത്തില്‍ വ്യാഖ്യാനങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്കാ സഭ ഈയിടെ രംഗത്തുവന്നിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്്‌ലിം യുവാക്കള്‍ വിവാഹം കഴിചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണെന്നാണ് സഭയുടെ ഭാഷ്യം. സി.എ.എ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ, നിരുത്തരവാദപരമായ പ്രതികരണവുമായി രംഗത്തുവന്നതില്‍ സഭക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ആര്‍ എസ് എസും തീവ്ര ഹിന്ദുത്വ സംഘടനകളുമാണ് ലവ് ജിഹാദ് എന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്. കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ തോതില്‍ ഇതു പ്രചരിപ്പിച്ചു. അപ്പോഴെല്ലാം കേരള പോലീസും അന്വേഷണ ഏജന്‍സികളും ഇതു തെറ്റായ പ്രചാരണമാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇടക്കിടെ ഉയര്‍ന്നു വരുന്ന ഈ ആരോപണം ഏറ്റവുമൊടുവില്‍ കേരളത്തില്‍ ഏറ്റെടുത്തത് ക്രിസ്തീയ സഭയാണ്. കത്തോലിക്ക സഭയുടെ ഉന്നത സമിതി തന്നെ കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുവെന്ന് പറഞ്ഞത് വ്യാപക ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് തെളിയിക്കുന്ന കണക്കുകളോ മറ്റു തെളിവുകളോ ഒന്നും ഇതുവരെ സഭ വെളിപ്പെടുത്തിയിട്ടുമില്ല. ഈ വിവാദം ഉണ്ടായ പശ്ചാത്തലത്തില്‍ കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നില്ലെന്ന് പോലീസ് മേധാവി വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.