എസ്ഡിപിഐയെ സഖ്യകക്ഷിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നു-എ.എ. റഹീം

തിരുവനന്തപുരം- സമൂഹം ഒറ്റക്കെട്ടായി അകറ്റി നിര്‍ത്തേണ്ട പോപ്പുലര്‍ ഫ്രണ്ടിനെ യു.ഡി.എഫ് പത്ത് വോട്ടിനു വേണ്ടി മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടു വരികയാണെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു.

എസ്ഡിപിഐയെ പറയുമ്പോള്‍ കോണ്‍ഗ്രസിന് പൊള്ളുന്നത് വെറുതെയല്ലെന്നും രൂപീകരണ കാലം മുതല്‍ പോപ്പുലര്‍ഫ്രണ്ട് യുഡിഎഫിന്റെ ഉറ്റമിത്രമാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ നിയമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടാണ് റഹീമിന്റെ കുറിപ്പ്.

എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ്- എസ്ഡിപിഐ ബന്ധം  പ്രകടമാണെന്നും കഴിഞ്ഞ കുറച്ചുകാലമായി പരസ്യമായിത്തന്നെ രാഷ്ട്രീയ സൗഹൃദം പ്രകടിപ്പിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയെ യുഡിഎഫിന്റെ ഘടക കക്ഷിയാക്കാനുള്ള ശ്രമം ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ചിട്ടുണ്ടെന്നും  റഹീം പറഞ്ഞു.

 

 

Latest News