ഗാന്ധി നിന്ദ: മുഖം രക്ഷിക്കാന്‍ ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ന്യൂദല്‍ഹി- സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നും പ്രസ്താവിച്ച  മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെക്ക് ബിജെപി കേന്ദ്രനേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

പാര്‍ട്ടി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഹെഗ്‌ഡെയുടെ പരാമര്‍ശത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ബി.ജെ.പിക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹെഗ്‌ഡെക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഒരു നേതാവും പോലീസിന്റെ അടി കൊണ്ടിട്ടില്ലെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പൂര്‍ണമായും നാടകമായിരുന്നുവെന്നും അനന്ത്കുമാര്‍ പറഞ്ഞിരുന്നു. ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെ നാടകമെന്നും അധിക്ഷേപിച്ചു.
സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാര്‍ പോയത് അത് കൊണ്ടല്ലെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

 

Latest News