യു.എ.ഇയിലെ പുതിയ വാതകപ്പാടത്ത്  80 ട്രില്യൺ ഘന അടി വാതകം

അബുദാബി - യു.എ.ഇയിൽ പുതിയ വൻ വാതക ശേഖരം കണ്ടെത്തിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം അറിയിച്ചു. അബുദാബി, ദുബായ് എമിറേറ്റുകൾക്കിടയിൽ കണ്ടെത്തിയ പുതിയ വാതക പാടം വികസിപ്പിക്കുന്നതിന് അബുദാബി നാഷണൽ ഓയിൽ കമ്പനിയും (അഡ്‌നോക്) ദുബായ് സപ്ലൈ അതോറിറ്റിയും (ഡുസുപ്) കരാർ ഒപ്പുവെച്ചു. ജബൽ അലി പദ്ധതി എന്ന് പേരിട്ട വാതക പാടത്ത് 80 ട്രില്യൺ ഘന അടി വാതക ശേഖരമാണുള്ളത്. 


ജബൽ അലി പദ്ധതി യു.എ.ഇ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നൽകുകയും സുസ്ഥിര വളർച്ച ഉറപ്പുവരുത്തുകയും ചെയ്യും. ദുബായിക്കും അബുദാബിക്കുമിടയിൽ അയ്യായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശത്താണ് എണ്ണപ്പാടമുള്ളത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് അഡ്‌നോക് പത്തു കിണറുകൾ ഇതിനകം കുഴിച്ചിട്ടുണ്ട്. സൈഹ് അൽസിദിറക്കും ജബൽ അലിക്കുമിടയിലാണ് വാതക ശേഖരമുള്ളത്. 


രാജ്യത്ത് പുതിയ എണ്ണ, വാതക ശേഖരങ്ങൾ കണ്ടെത്തിയതായി മൂന്നു മാസം മുമ്പ് അബുദാബി സുപ്രീം പെട്രോളിയം കൗൺസിൽ അറിയിച്ചിരുന്നു. ഏഴു ബില്യൺ ബാരൽ എണ്ണ ശേഖരവും 58 ട്രില്യൺ ഘന അടി വാതക ശേഖരവും കണ്ടെത്തിയെന്നാണ് അന്ന് അബുദാബി സുപ്രീം പെട്രോളിയം കൗൺസിൽ അറിയിച്ചത്. പുതിയ എണ്ണ, വാതക ശേഖരങ്ങൾ കണ്ടെത്തിയതോടെ ലോകത്ത് ഏറ്റവുമധികം എണ്ണ, വാതക ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് യു.എ.ഇ ഉയർന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യു.എ.ഇയിൽ 105 ബില്യൺ ബാരൽ എണ്ണ ശേഖരവും 273 ട്രില്യൺ ഘന അടി പരമ്പരാഗത വാതക ശേഖരവും 160 ട്രില്യൺ ക്യുബിക് ഫീറ്റ് പാരമ്പര്യേതര ഗ്യാസ് ശേഖരവുമുണ്ട്. ജബൽ അലി പദ്ധതി പ്രഖ്യാപന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിനൊപ്പം അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനും പങ്കെടുത്തു. 

 

Latest News