Sorry, you need to enable JavaScript to visit this website.

യെമനിലെ അൽഖാഇദ നേതാവ് കൊല്ലപ്പെട്ടു

ഖാസിം അൽറൈമി


റിയാദ്- യെമനിലെ അൽഖാഇദ നേതാവ് ഖാസിം അൽറൈമി അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിശ്വസനീയമായ വൃത്തങ്ങൾ പറഞ്ഞു. അൽബൈദാ ഗവർണറേറ്റിലെ വലദ് അൽറബീഅ് ജില്ലയിലെ യക്‌ല ഏരിയയിൽ കഴിഞ്ഞ ബുധനാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് അൽഖാഇദ നേതാവ് കൊല്ലപ്പെട്ടത്. എന്നാൽ ഇക്കാര്യം യെമൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് കാറിൽ സഞ്ചരിക്കുന്നതിനിടെ ഖാസിം അൽറൈമിയെ അമേരിക്കൻ ഡ്രോൺ നിരീക്ഷിക്കുകയായിരുന്നെന്ന് ഗോത്ര വൃത്തങ്ങൾ പറഞ്ഞു. അൽഖാഇദ നിയന്ത്രണത്തിലുള്ള ചെക്ക് പോയിന്റിൽ വെച്ചാണ് ഖാസിം അൽറൈമിക്കു നേരെ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഖാസിം അൽറൈമിയും ഒപ്പമുണ്ടായിരുന്ന കൂട്ടാളി അബുൽബറാ അൽഉബയ്യും കൊല്ലപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങൾ ചിന്നിച്ചിതറുകയും കത്തിക്കരിയുകയും ചെയ്തു.

അൽബൈദാ, മാരിബ് ഗവർണറേറ്റുകൾക്കിടയിലെ യക്‌ലാ ഏരിയ പത്തു വർഷമായി അൽഖാഇദ ഭീകരർ താവളമായി ഉപയോഗിച്ചുവരികയാണ്. മറ്റുള്ളവർക്ക് എത്തിപ്പെടുക ദുഷ്‌കരമായ ദുർഘടമായ ഗോത്ര മേഖലയായതിനാൽ തങ്ങൾ തട്ടിക്കൊണ്ടുപോകുന്നവരെ അൽഖാഇദ ഭീകരർ ഇവിടേക്കാണ് നീക്കുന്നത്.
 യക്‌ലായിൽ നിന്ന് മാരിബ്, അബ്‌യൻ, ശബ്‌വ എന്നിവിടങ്ങളിലേക്ക് അൽഖാഇദ ഭീകരർക്ക് എളുപ്പത്തിൽ എത്തിപ്പെടാനും സാധിക്കും. ഖാസിം അൽറൈമിയെയും കൂട്ടാളിയെയും അമേരിക്ക വ്യോമാക്രമണത്തിലൂടെ വധിച്ചത് അൽഖാഇദ ഭീകരരെ ഞെട്ടിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ആക്രമണം നടന്ന പ്രദേശം ഭീകരർ അടച്ചിട്ടുണ്ട്. ഇവിടേക്ക് സാധാരണക്കാർക്ക് ഭീകരർ പ്രവേശനം നൽകുന്നില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ഒരാഴ്ചക്കിടെ മാരിബിൽ അമേരിക്കൻ ഡ്രോണുകൾ രണ്ടു ആക്രമണങ്ങൾ നടത്തിയതായി യെമൻ പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. അൽഖാഇദ ഭീകരരുടെ സാന്നിധ്യമുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുണ്ടായത്. കത്തിക്കരിഞ്ഞതിനാൽ കൊല്ലപ്പെട്ട ഭീകരരെ സുരക്ഷാ വകുപ്പുകൾക്ക് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. മാരിബിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഖാസിം അൽറൈമി കൊല്ലപ്പെട്ടതായി അമേരിക്കൻ അധികൃതരെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസും റിപ്പോർട്ട് ചെയ്തു. 

 

 

Latest News