വിദേശി തടവുകാരെ അതത് രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി- കുവൈത്തിലുള്ള വിദേശികളായ തടവുകാരെ അതാത് രാജ്യങ്ങള്‍ക്ക് കൈമാറാന്‍ കുവൈത്ത് ആലോചിക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം വിദേശ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്ന വിദേശികളായ തടവുകാരെ അതാത് രാജ്യങ്ങള്‍ക്ക് കൈമാറാനുള്ള തീരുമാനം നടപ്പാക്കുന്നതിന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ ഈ രാജ്യങ്ങളുമായി തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി നടപ്പിലാക്കാന്‍ വൈകുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് ജയിലുകളില്‍ തടവുകാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. തടവുകാരുടെ കൈമാറ്റ കരാര്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയാല്‍ ജയിലുകളിലെ തിരക്ക് കുറയുന്നതോടൊപ്പം തടവുകാരുടെ ആരോഗ്യ പരിരക്ഷ അടക്കമുള്ള ചെലവുകളില്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയുകയും ചെയ്യും.
രാജ്യ രക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ഒഴികെയുള്ള തടവുകാരെയാണ് അതാത് രാജ്യങ്ങള്‍ക്ക് കൈമാറുന്നത്. ശിക്ഷാ കാലാവധിയുടെ ബാക്കി ഭാഗം സ്വന്തം രാജ്യത്ത് അനുഭവിക്കണമെന്ന നിബന്ധനയിലാണ് തടവുകാരെ കൈമാറുന്നത്. ഇതിനായി അതാത് രാജ്യങ്ങളിലെ സര്‍ക്കാറില്‍ നിന്നും തടവുകാരെ സ്വീകരിക്കുന്നതിന് സന്നദ്ധത അറിയിച്ചു കൊണ്ട് കുവൈത്തിനു കത്ത് ലഭിക്കേണ്ടതുണ്ട്. കുവൈത്തിലെ ജയിലുകളില്‍ സ്ത്രീകള്‍ അടക്കം 500 ഓളം ഇന്ത്യന്‍ തടവുകാരാണുള്ളത്.

 

Latest News