ഷാര്‍ജ- ഷാര്‍ജയിലെ എല്ലാ മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നു. ഷാര്‍ജ മുനിസിപ്പാലിറ്റിയും ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയും (സേവ) സഹകരിച്ചാണു പദ്ധതി നടപ്പാക്കുക. ചെലവു കുറഞ്ഞതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറഞ്ഞതുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
മാലിന്യ സംസ്‌കരണത്തിന്റെ ചുമതലയുള്ള സ്ഥാപനമായ ബിയാഹ്, സിഇ ക്രിയേറ്റ്‌സ് എന്നിവയുടെ സംയുക്ത സംരംഭമായ ഐ.ഒ.എന്നും ചാര്‍ജിംഗ് സ്റ്റേഷന്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്റ്റേഷനുകളാകും നിര്‍മിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത രംഗത്തെ സുപ്രധാന പദ്ധതിക്കാണ് തുടക്കമാകുന്നതെന്നു ബിയാഹ് സി.ഇ.ഒയും ഐ.ഒ.എന്‍ ചെയര്‍മാനുമായ ഖാലിദ് അല്‍ ഹുറൈമല്‍ പറഞ്ഞു.






