തലശ്ശേരി- വർഷങ്ങളായി ഉണക്കമത്സ്യ വ്യാപാരം നടത്തിവരുന്ന വ്യാപാരികളും വ്യാപാരത്തിൽ പങ്കാളികളാവുന്ന തൊഴിലാളികളും ജി.എസ്.ടി. ഭീതിയിൽ. കേന്ദ്രഗവർമെന്റിന്റെ പുതിയ നികുതി സംവിധാനത്തിന്റെ ഭാഗമായി ഉണക്ക മത്സ്യത്തിന് അഞ്ചുശതമാനം നികുതി ചുമത്തുമെന്ന അഭ്യൂഹമാണ് വ്യാപാരികളെ ഭീതിയിലാഴ്ത്തിയത്. തലശ്ശേരിയിലെ ചാലിൽ, ഗോപാലപ്പേട്ട ഭാഗത്ത് നാൽപതോളം പരമ്പരാഗത ഉണക്ക മത്സ്യ സംസ്‌കരണ ചാപ്പകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ സ്വകാര്യ മുതലാളിമാരും സൊസൈറ്റികളും ഉൾപ്പെടുന്നുണ്ട്. ഏതാണ്ട് മുന്നൂറോളം തൊഴിലാളികളാണ് ചാപ്പകളിൽ ജോലി ചെയ്യുന്നത്. തലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫിഷ് ക്യൂറിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഉദ്ദേശം നൂറ് വർഷത്തിലധികം പഴക്കമുണ്ടാകും.
കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഉണക്കമത്സ്യം ഉണ്ടാക്കി വിപണിയിൽ എത്തിക്കുന്നതിനുള്ള ചാപ്പകൾ പ്രവർത്തിക്കുന്നത്. മറ്റൊരെണ്ണം മലപ്പുറത്തെ തിരൂരങ്ങാടിയിലാണ് പ്രവർത്തിക്കുന്നത്. തലശ്ശേരിയിൽനിന്ന് ക്രമീകരിക്കുന്ന ഉണക്കമത്സ്യങ്ങൾ വയനാട്, കൽപ്പറ്റ, ഇരിട്ടി, ശ്രീകണ്ഠാപുരം, തിരുമേനി, ചെറുപുഴ, ആലക്കോട് എന്നീ ഭാഗങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. മത്സ്യങ്ങൾ ഉണക്കിയെടുക്കുന്നത് ഒരുദിവസം, മൂന്ന് ദിവസം എന്നീ ക്രമങ്ങളിലാണ്. ഉപ്പോടുകൂടിമത്സ്യങ്ങളെ ഉണക്കുന്നതിന് ഒരുദിവസവും ഉപ്പില്ലാതെ ഉണക്കുന്നതിന് മൂന്ന് ദിവസവുമാണ് സാധാരണനിലയിൽ വേണ്ടത്. ഒരുകിലോ പച്ചമത്സ്യം ഉണക്കിയെടുക്കുന്നതോടെ അത് നാനൂറ് ഗ്രാം മാത്രമായി ചുരുങ്ങുകയും ചെയ്യും. മത്തി, അയല, നെത്തോലി, ചരു,തിരണ്ടി,സ്രാവ് തുടങ്ങിയവയാണ് സാധാരണനിലയിൽ തലശ്ശേരിയിൽ നിന്നും ഉണക്ക മത്സ്യമാക്കി രൂപപ്പെടുത്തി മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഉപ്പില്ലാതെ ഉണക്കുന്ന മത്സ്യം കൃത്യമായും ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാവും. എന്നാൽ ഉപ്പ് പുരട്ടി ഉണക്കിയ മത്സ്യങ്ങൾക്ക് ഒരുമാസത്തിൽ കൂടുതൽ കേടുകൂടാതെ സൂക്ഷിക്കാനാവുകയുമില്ല. മുൻകാലങ്ങളിൽ ഉണക്കമത്സ്യത്തിന് വലിയ ഡിമാന്റുകൾ ഉണ്ടായിരുന്നെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കർക്കിടകമാസത്തിൽപോലും പച്ചമത്സ്യം ലഭിക്കുന്ന പശ്ചാത്തലത്തിൽ ഉണക്ക മത്സ്യത്തിന് മുൻകാലങ്ങളിൽ ഉള്ളതുപോലുള്ള ഡിമാന്റുകൾ നിലനിൽക്കുന്നുപോലുമില്ല. ജി.എസ്.ടി. ഉണക്ക മത്സ്യത്തിന് ചുമത്തപ്പെടുന്നതോടെ പുതിയ കാലാവസ്ഥാ വ്യതിയാനത്തിൽ തിരിച്ചടി നേരിടുന്ന ഉണക്ക മത്സ്യവ്യാപാര മേഖലയെ തികച്ചും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് മിക്കവാറും വ്യാപാരികൾ ഉള്ളത്.
കേരളത്തിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ഉണക്കമത്സ്യങ്ങൾ ഉണ്ടാക്കുന്നത്. ഗുജറാത്ത് -മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഉണക്ക മത്സ്യവ്യാപാരികൾ തങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തരുതെന്ന് രേഖാമൂലം അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും അനുകൂലമായ പ്രതികരണങ്ങൾ ലഭിച്ചതായുള്ള സ്ഥിരീകരണവുമില്ല. നോട്ടുനിരോധനം പ്രാബല്യത്തിൽ വന്നതിൽ പിന്നീട് പരമ്പരാഗത ഉണക്ക മത്സ്യവ്യാപാരികൾ സാമ്പത്തികമായും പ്രതിസന്ധി നേരിടുകയാണ്. ആധുനിക ബാങ്കിംഗ് ഇടപാടുകൾ നേരത്തെ തന്നെ പരിശീലിച്ചിട്ടില്ലാത്തതിനാൽ പരമ്പരാഗത ഉണക്ക മത്സ്യവ്യാപാരികൾ നോട്ടുകൾ നൽകി ഉൽപന്നങ്ങൾ വാങ്ങുകയെന്ന രീതി തന്നെയാണ് തുടർന്നിരുന്നത്.






