റിയാദ്- മാരകമായ കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽനിന്ന് ഒഴിപ്പിച്ച 10 സൗദി വിദ്യാർഥികൾ സ്വദേശത്ത് തിരിച്ചെത്തി. സൗദി വിദ്യാർഥികളെ വഹിച്ചുള്ള പ്രത്യേക വിമാനം ഇന്നലെ രാവിലെയാണ് റിയാദിൽ തിരിച്ചെത്തിയത്. ചൈനയിൽനിന്ന് വിദ്യാർഥികളെയും സൗദി പൗരന്മാരെയും ഒഴിപ്പിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിർദേശം നൽകിയിരുന്നു.
റിയാദ് എയർപോർട്ടിൽ ലാന്റ് ചെയ്തയുടൻ മെഡിക്കൽ സംഘം വിമാനത്തിനകത്ത് കയറി വിദ്യാർഥികളുടെ ആരോഗ്യനില നിരീക്ഷിക്കുകയും വിമാനത്താവളത്തിൽ ആരോഗ്യ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിദ്യാർഥികളെയും വിമാന ജീവനക്കാരെയും പ്രത്യേകം സജ്ജീകരിച്ച താമസ സ്ഥലത്തേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എല്ലാവിധ ആരോഗ്യ പരിചരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുഴുവൻ പരിശോധനകളും നടത്തി രോഗം ബാധിച്ചിട്ടില്ലെന്നും സുരക്ഷിതരാണെന്നും പൂർണമായി ഉറപ്പു വരുത്തുന്നതു വരെ രണ്ടാഴ്ച വിദ്യാർഥികളെയും വിമാന ജീവനക്കാരെയും ഐസൊലേഷനിൽ പാർപ്പിക്കും. സൗദിയിൽ ഇതുവരെ ചൈനീസ് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തേക്ക് രോഗം എത്താതെ നോക്കുന്നതിന് നിരവധി മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.
നേരിട്ടോ അല്ലാതെയോ ഉള്ള സർവീസുകളിൽ ചൈനയിൽനിന്ന് എത്തുന്ന മുഴുവൻ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. ജനുവരി 20 മുതൽ ഫെബ്രുവരി രണ്ടു വരെയുള്ള കാലത്ത് 62 പേരുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ ആർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് വ്യക്തമായി. ചൈനയിൽനിന്ന് നേരിട്ടുള്ള സർവീസുകളിൽ എത്തിയ 3152 യാത്രക്കാരെയും നേരിട്ടുള്ളതല്ലാത്ത സർവീസുകളിൽ ചൈനയിൽനിന്ന് എത്തിയ 868 യാത്രക്കാരെയും ഇക്കാലയളവിൽ പരിശോധിച്ചു. ചൈനയിൽനിന്ന് നേരിട്ടും അല്ലാതെയുമുള്ള സർവീസുകൾ സ്വീകരിക്കുന്ന എയർപോർട്ടുകളിലും മറ്റ് അതിർത്തി പോസ്റ്റകളിലും ഇരുപത്തിനാലു മണിക്കൂറും മെഡിക്കൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൈനയിലേക്കുള്ള സർവീസുകൾ ഇന്നലെ രാത്രി മുതൽ സൗദിയ നിർത്തിവെച്ചു. ജിദ്ദയിൽനിന്നും റിയാദിൽ നിന്നും ചൈനയിലെ ഗ്വാങ്ഷോയിലേക്കുള്ള സർവീസുകളാണ് സൗദിയ നിർത്തിവെച്ചത്. ഈ സർവീസുകളിൽ ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഫീസുകളൊന്നും കൂടാതെ ടിക്കറ്റ് നിരക്ക് പൂർണമായും തിരിച്ചു നൽകുമെന്ന് സൗദിയ അറിയിച്ചു.
അതിനിടെ, യു.എ.ഇയിൽ ഒരാൾക്കു കൂടി പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വുഹാനിൽനിന്ന് എത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ യു.എ.ഇയിൽ പുതിയ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.
പുതിയ കൊറോണ ബാധ മൂലം ചൈനയിൽ മരണപ്പെട്ടവരുടെ എണ്ണം 304 ആയി. ചൈനക്ക് പുറത്ത് കൊറോണ ബാധ മൂലമുള്ള ആദ്യ മരണം ഇന്നലെ ഫിലിപ്പൈൻസിൽ റിപ്പോർട്ട് ചെയ്തു. 44 വയസ്സ് പ്രായമുള്ള ചൈനക്കാരനാണ് മരണപ്പെട്ടത്. പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ആകെ 14,561 പേർക്ക് പുതിയ കൊറോണ ബാധിച്ചിട്ടുണ്ട്.






