മന്ദ്സൗര്‍- പുതിയ കൊറോണ വൈറസ് കാരണം ചൈനക്കാരെ കുറിച്ചും അവരുടെ ഭക്ഷണ, ജീവിത രീതികളെ കുറിച്ചുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ എതിര്‍പ്പും പ്രചാരണവും നടക്കുന്നതിനിടെ, ചൈനക്കാരിയെ വധുവാക്കി ഇന്ത്യക്കാരന്.
കൊറോണ ഭീതിയൊന്നും പ്രശ്നമല്ലെന്ന് വ്യക്തമാക്കിയാണ് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരനും മധ്യപ്രദേശിലെ മന്ദ്സൗറില് വിവാഹിതരായത്.
അഞ്ച് വര്‍ഷം മുമ്പ് കാനഡയിലെ ഷെറിഡണ്‍ യൂനിവേഴ്സിറ്റിയില്‍ പഠിച്ചപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്ര കണ്ടുമുട്ടിയത്. ഇരുവരും സുഹൃത്തുക്കളാകുകയും സൗഹൃദം വൈകാതെ പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം ചെയ്യാനായിരുന്നു ഇവരുടേയും തീരുമാനം.
അങ്ങനെയാണ് സത്യാര്‍ത്ഥയുടെ ജ•നാട്ടില്‍ വെച്ച് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചത്. വധുവിന്റെ മാതാപിതാക്കള്‍ അടുത്ത മൂന്ന് ബന്ധുക്കളോടൊപ്പം ജനുവരി 29 ന് തന്നെ ഇന്ത്യയിലെത്തിയിരുന്നു.
ചൈനയില്‍ വെച്ചും വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചുവെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവെച്ചിരിക്കയാണ്.
ഇന്ത്യന്‍ സംസ്കാരവും ഭക്ഷണവും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് മരുമകളുടെ പ്രതികരണം. ജി ഹൊയെ ഇഷ്ടമായെന്നും മകന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും സത്യാര്‍ത്ഥിന്റെ അമ്മ പറഞ്ഞു.






