ദല്‍ഹി ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചു
ന്യൂദല്‍ഹി- നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്‌റ്റേ ചെയ്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നത് ദല്‍ഹി ഹൈക്കോടതി മാറ്റിവെച്ചു. എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സുരേഷ് കൈത്തിന്റെ നടപടി. കഴിഞ്ഞ ദിവസമാണു കേന്ദ്രസര്‍ക്കാര്‍ ഹരജി നല്‍കിയത്. ഞായറാഴ്ച കോടതി അവധിയായിട്ടും അടിയന്തര പ്രാധാന്യം പരിഗണിച്ചു പ്രത്യേക സിറ്റിങ് നടത്തി വാദം കേള്‍ക്കുകയായിരുന്നു.
വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. അനിവാര്യമായ കാര്യം നീട്ടിക്കൊണ്ടു പോകാനാണ് പ്രതികള്‍ ശ്രമിക്കുന്നത്. നിയമപോംവഴിക്കു പ്രതികള്‍ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നു. നാലുപേരുടെയും ശിക്ഷ ഒരുമിച്ചു നടത്തണമെന്നില്ലെന്നും ദയാഹരജി തള്ളിക്കഴിഞ്ഞ പ്രതികളുടെ ശിക്ഷ നടപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുക്കാമെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന ജയില്‍ചട്ടത്തിലെ വ്യവസ്ഥയെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ 13ാം ദിവസമാണ് പ്രതികള്‍ ഹരജികള്‍ നല്‍കിയത്. ഇത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ് അദ്ദേഹം വാദിച്ചു.
കേസിലെ പ്രതി വിനയ്കുമാറിന്റെ ദയാഹരജി തള്ളിയതിനു പിന്നാലെയാണ് ശിക്ഷ ഉടന്‍ നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹരജി സമര്‍പ്പിച്ചു. പ്രതി മുകേഷ് കുമാര്‍ സിംഗിന്റെ ഹരജി നേരത്തേ തള്ളിയിരുന്നു. പ്രതികളായ അക്ഷയ്കുമാര്‍, പവന്‍ ഗുപ്ത,വിനയ്കുമാര്‍ എന്നിവര്‍ക്കു വേണ്ടി അഭിഭാഷകന്‍ എ.പി.സിംഗും മുകേഷ് കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷക റെബേക്കാ ജോണും ഹാജരായി.
എന്നാല്‍ വധശിക്ഷ നടപ്പിലാക്കാന്‍ സുപ്രീംകോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ എ.പി. സിഗിന്റെ വാദം. ഈ കേസില്‍ മാത്രം എന്തിനാണ് ഇത്ര ധൃതിയെന്നും അദ്ദേഹം ചോദിച്ചു. നീതി നടപ്പാക്കുന്നതില്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്നും എ.പി. സിംഗ് പറഞ്ഞു.
മുകേഷ് സിംഗിനു വേണ്ടി ഹാജരായ അഭിഭാഷക റെബേക്കാ ജോണും കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്തു. എന്തുകൊണ്ടാണ് ഈ കേസില്‍ നേരത്തെ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും നിയമമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നുമായിരുന്നു അവരുടെ വാദം. ജീവിതത്തിന്റെ അവസാനശ്വാസം വരെ നിയമത്തിന്റെ എല്ലാ വഴികളും തേടാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും റെബേക്കാ ജോണ്‍ പറഞ്ഞു.
വിചാരണക്കോടതിയുടെ മുമ്പിലുള്ള കേസ് നടപടികളില്‍ കേന്ദ്രം ഒരിക്കലും ഒരു കക്ഷിയല്ലെന്നും പ്രതികള്‍ ശിക്ഷ നടപ്പാക്കുന്നതിനു കാലതാമസം വരുത്തുകയാണെന്ന് ആരോപിക്കുന്ന കേന്ദ്രം രണ്ട് ദിവസം മുമ്പാ ണ് ഉറക്കം ഉണര്‍ന്നതെന്നും റെബേക്കാ ജോണ്‍ വാദിച്ചു.






