അബുദാബി- അബുദാബി ശാസ്‌ത്രോത്സവത്തില്‍ ശ്രദ്ധേയമായ പ്രോജക്ടുമായി മലയാളി വിദ്യാര്‍ഥി ജോഹന്‍ സഞ്ജു. ജൈവ പച്ചക്കറിയും ശുദ്ധ വായുവും വീട്ടില്‍തന്നെ ഒരുക്കുന്ന ഒ-ടു അഥവാ ഓര്‍ഗാനിക് ഓക്‌സിജന്‍ ബോക്‌സ് ആണ് അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും കാസര്‍കോട് നീലേശ്വരം ഭീമനടി സ്വദേശിയുമായ ജോഹന്‍ സഞ്ജു സെബാസ്റ്റ്യന്‍ തയാറാക്കിയത്.
ഹൈഡ്രോപോണിക്‌സ് വിദ്യയാണ് കൃഷിക്കായി ജോഹന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വീടിനകത്തോ പുറത്തോ ബാല്‍ക്കണിയിലെ ടെറസിനു മുകളിലോ എവിടെ വേണമെങ്കിലും ആവശ്യാനുസരണം ചെയ്യാം. ഇതിലൂടെ കുറഞ്ഞ ചെലവില്‍ നല്ല പച്ചക്കറികളും ലഭ്യമാക്കാം. വിവിധ രാജ്യക്കാരായ 78 മത്സരാര്‍ഥികളോടൊപ്പം സുസ്ഥിര വിഭാഗത്തിലാണു മത്സരിക്കുന്നത്.
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എന്റെ ഭക്ഷണം, എന്റെ ഭാവി എന്ന പ്രമേയത്തില്‍ ഇന്റര്‍നാഷനല്‍ ഫൂഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഐ.എഫ്.പി.ആര്‍.ഐ) രാജ്യാന്തര തലത്തില്‍ സംഘടിപ്പിച്ച മത്സരത്തിലും ജോഹന്‍ സമ്മാനം നേടിയിരുന്നു.






