ദുബായ്- ദെയ്‌റ ഐലന്‍ഡിലേക്കുള്ള പാലത്തിന്റെ നിര്‍മാണം 75 ശതമാനം പൂര്‍ത്തിയായതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇരു ദിശകളിലേക്കും ആറുവരി വീതമുള്ള മൂന്നു പാലങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗതം സുഗമമാകുമെന്നു ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
ഷിന്‍ദഗ ഇടനാഴി പദ്ധതിയുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കിയിരുന്നു.
വാട്ടര്‍ കനാലിനു കുറുകെ നഗരത്തെ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ നിര്‍മാണം ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിപ്രദേശം സന്ദര്‍ശിച്ച മത്തര്‍ അല്‍ തായര്‍ പറഞ്ഞു. നഖീലിന്റെ സഹകരണത്തോടെയാണ് നിര്‍മാണം. പാലം യാഥാര്‍ഥ്യമാകുന്നതോടെ അല്‍ഖലീജ്, അബൂബക്കര്‍ അല്‍ സിദ്ധിഖ് സ്ട്രീറ്റുകളില്‍നിന്ന് ദെയ്‌റ ഐലന്‍ഡിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാകും. 1.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പാലത്തോടൊപ്പം 140 മീറ്റര്‍ സ്ലിപ് റോഡും നിര്‍മിക്കുന്നുണ്ട്.






