ചൈനീസ് കൊറോണ സൗദി യിൽ ഇല്ല- ആരോഗ്യമന്ത്രി

റിയാദ്- ചൈനീസ് കൊറോണ വൈറസ് ബാധ സൗദി അറേബ്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. ചൈനയിൽ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യം നേരിടാനും മന്ത്രാലയം ഒരുക്കമാണ്. എല്ലാ സർക്കാർ വകുപ്പുകളും ഒത്തൊരുമിച്ചാണ് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതും. കര, വ്യോമ, കടൽ പ്രവേശനകവാടങ്ങളിലെല്ലാം നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. കൊറോണ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റുമുള്ള വ്യാജ പ്രചാരണങ്ങളെ വിശ്വസിക്കരുതെന്നും ആരോഗ്യമന്ത്രാലയത്തിന്റെയും രോഗ പ്രതിരോധ ദേശീയ കേന്ദ്രത്തിന്റെയും നിർദേശങ്ങൾ പാലിക്കാൻ എല്ലാ സ്വദേശികളോടും വിദേശികളോടും മന്ത്രി അഭ്യർഥിച്ചു.


നിലവിൽ ചൈനയിൽ നിന്നെത്തിയവർ നിശ്ചിത ദിവസം വരെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ചിലരെ ഐസൊലേഷൻ വാർഡുകളിലാക്കിയും നിരീക്ഷിക്കുന്നുണ്ട്. എല്ലാ പ്രവേശന കവാടങ്ങളിലും ശ്വസന സ്‌ക്രീനിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സംശയമുള്ളവരുടെ സ്രവങ്ങൾ ലാബുകളിലേക്ക് അയച്ച് പരിശോധിച്ചുവരുന്നു- മന്ത്രി പറഞ്ഞു.

 

Latest News