Sorry, you need to enable JavaScript to visit this website.

സൗദി പൗരനെ കൊലപ്പെടുത്തിയ രണ്ട് കവർച്ചക്കാർക്ക് ജോർദാനിൽ വധശിക്ഷ


തബൂക്ക് - പണവും കാറും കവരുകയെന്ന ലക്ഷ്യത്തോടെ സൗദി പൗരനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ രണ്ടു ജോർദാൻകാരെ മരണം വരെ തൂക്കിലേറ്റുന്നതിന് ജോർദാൻ ഹൈക്കോടതി വിധിച്ചു. സൗദി-ജോർദാൻ അതിർത്തിയിലെ അൽഅംരി അതിർത്തി പോസ്റ്റ് വഴി സ്വദേശത്തേക്ക് മടങ്ങുന്നതിനിടെ 2010 ഒക്‌ടോബറിലാണ് സൗദി പൗരനെ 30 ഉം 47 ഉം വയസ് വീതം പ്രായമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. 


സ്ഥിരം കുറ്റവാളികളും ദീർഘകാലമായി കൂട്ടുകാരുമായ പ്രതികൾ ജോർദാനിലെ അൽഅസ്‌റഖ് ഏരിയയിൽ സൗദി അറേബ്യയെയും ജോർദാനെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര പാതയിലൂടെ കടന്നുപോകുന്നവരുടെ പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുന്നതിന് പദ്ധതിയിടുകയായിരുന്നു. കവർച്ച ആസൂത്രണം ചെയ്ത പ്രതികളിൽ ഒരാൾ പൊതുസുരക്ഷാ വകുപ്പ് യൂനിഫോം വാങ്ങുകയും കയറും മാസ്‌കിംഗ് ടേപ്പും എത്തിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഭടൻ ചമഞ്ഞ് വാഹനങ്ങൾ തടഞ്ഞുനിർത്തി പണം കവരുന്നതിന് ഇരുവരും രാജ്യാന്തര പാതയിലെത്തി. 


ഈ സമയത്ത് സൗദി രജിസ്‌ട്രേഷനുള്ള ജി.എം.സി കാറിൽ 60 കാരനായ സൗദി പൗരൻ സൗദി അതിർത്തിയിലെ അതിർത്തി പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങുന്നത് പ്രതികളുടെ ശ്രദ്ധയിൽ പെട്ടു. സൗദി പൗരന്റെ കാർ കൈ കാണിച്ച് തടഞ്ഞുനിർത്തിയ ഒന്നാം പ്രതി താൻ അതിർത്തി പോസ്റ്റിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ സൈനികനാണെന്ന് വാദിച്ച് അതിർത്തി പോസ്റ്റിലേക്ക് പോകുന്നതിന് ലിഫ്റ്റ് ചോദിച്ചു. കാലികളെ വളർത്തുന്ന സമീപപ്രദേശത്തേക്ക് പോകുന്നതിനെന്ന വ്യാജേന രണ്ടാം പ്രതിയും ലിഫ്റ്റ് ചോദിച്ചു. 


ഇരുവരെയും വിശ്വസിച്ച സൗദി പൗരൻ രണ്ടു പേരെയും കാറിൽ കയറ്റി. അൽപ ദൂരം പിന്നിട്ട ശേഷം തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയെന്ന് പറഞ്ഞ് രണ്ടാം പ്രതി കാർ നിർത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കാർ നിർത്തിയ സൗദി പൗരനെ ഇരുവരും ചേർന്ന് പിൻവശത്തെ സീറ്റിലേക്ക് പിടിച്ചുവലിച്ചിട്ട് ബോധരഹിതനായി വീഴുന്നതു വരെ ശിരസ്സിന് മർദിക്കുകയും പിന്നീട് കൈകാലുകൾ കെട്ടിയ ശേഷം വായ മാസ്‌കിംഗ് ടേപ്പ് ഉപയോഗിച്ച് മൂടി. പഴ്‌സിലുണ്ടായിരുന്ന 400 റിയാൽ കവർന്നു. സൗദി പൗരനെ കാറിന്റെ ഡിക്കിയിൽ അടച്ചിട്ട് ഖാലിദിയ ഏരിയയിലെത്തിയ പ്രതികൾ തൊട്ടടുത്ത ദിവസം ഖാലിദിയക്കു സമീപം മരുഭൂപ്രദേശത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഇതിനു ശേഷം സൗദി പൗരന്റെ വസ്ത്രങ്ങളും മറ്റു വസ്തുക്കളും കത്തിച്ച പ്രതികൾ സൗദി പൗരന്റെ കാറിൽ പലപ്രദേശത്തും ചുറ്റിക്കറങ്ങി. 2018 ഒക്‌ടോബർ 22 ന് പ്രതികൾ സഞ്ചരിച്ച സൗദി പൗരന്റെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കുറ്റം സമ്മതിച്ച പ്രതികൾ സൗദി പൗരന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം സുരക്ഷാ വകുപ്പുകൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. മർദനത്തിൽ തലയോട്ടി തകർന്ന് മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവമാണ് സൗദി പൗരന്റെ മരണ കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. 

 

Latest News