Sorry, you need to enable JavaScript to visit this website.

ഡോ. ബിജു വർഗീസ്: ആതുര സേവനത്തിലെ ജനകീയ രൂപം

ഡോ. ബിജു വർഗീസ്
ഡോ. ബിജു വർഗീസിന്റെ കുടുംബം


സ്വതഃസിദ്ധമായ ശൈലിയിലൂടെ കിഴക്കൻ പ്രവിശ്യയിൽ ഏറെ സ്വീകാര്യനായ ഡോക്ടറാണ് ബിജു വർഗീസ്. രോഗിയുടെ മാനസികാവസ്ഥക്കനുസരിച്ചു നില കൊള്ളുന്നതിനും അവരുമായി സൗഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ബിജു വർഗീസ് പ്രവാസികൾക്കിടയിൽ ഇത്രയേറെ ജനകീയനായത് വേറിട്ട സ്വഭാവ വൈഭവം കൊണ്ട് മാത്രമാണ്. ആരോഗ്യ മേഖലയിൽ കച്ചവട താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന വർത്തമാനകാല  സാഹചര്യത്തിൽ മരുന്നിന്റെയും ചികിത്സാ രീതികളുടെയും വർധന മൂലം വിദഗ്ധ ചികിത്സ പാവപ്പെട്ടവർക്ക് നിഷേധിക്കപ്പെടരുതെന്ന കാഴ്ചപ്പാടാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്. കഷ്ടത അനുഭവിക്കുന്ന നിരവധി ആളുകൾക്കാണ് ഇദ്ദേഹം സ്വന്തം ചെലവിൽ ചികിത്സ നൽകുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇദ്ദേഹത്തെ തേടി രോഗികൾ എത്തുന്നുണ്ട്.


ഇൻഷുറൻസ് പരിരക്ഷയുടെ പേരിൽ ചികിത്സാ രംഗത്തിന് നഷ്ടപ്പെട്ട സത്യസന്ധതയുടെ മുഖം ചർച്ച ചെയ്യപ്പെടണമെന്നാണ് ഡോക്ടറുടെ പക്ഷം. ഇതിനു പരിഹാരമായി പരിചയ സമ്പന്നരായ ഡോക്ടർമാർ മുന്നോട്ടു വെക്കുന്ന കുടുംബ ഡോക്ടർ സംവിധാനം തിരിച്ചു പിടിക്കണമെന്നും ഇദ്ദേഹം കരുതുന്നു. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെയും ആശുപത്രികളെയും തേടിപ്പോകും മുൻപ് നമ്മുടെ തൊട്ടടുത്ത ഒരു സാധാരണ ഡോക്ടർമാരുടെ ഉപദേശം തേടുന്നത് പ്രായോഗികമാണെന്നും ഇദ്ദേഹം പറയുന്നു. ഇതിനെല്ലാം ഉപരി പ്രതിരോധമാണ് ചികിത്സയേക്കാൾ പ്രധാനമെന്നും ഇത് പാലിച്ചാൽ ചികിത്സിച്ചു കിടപ്പാടം നഷ്ടപ്പെടുത്തേണ്ടി വരില്ലെന്നും അനുഭവങ്ങളുടെ വെളിച്ചത്തിൽ ഡോ. ബിജു വർഗീസ് അഭിപ്രായപ്പെടുന്നുണ്ട്. 
ചികിത്സാ ചെലവ് കൂടാൻ പ്രധാന കാരണം അമിതമായ വൈദ്യവൽക്കരണവും ഔഷധവൽക്കരണവുമാണ്. ചെറിയ രോഗങ്ങൾക്ക് പോലും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ വേണം എന്ന് മാത്രമല്ല മൾട്ടി സ്‌പെഷ്യലിസ്റ്റ് ആശുപത്രികൾ കൂടിയാവണം എന്ന ചിന്ത വലിയ പ്രശ്‌നങ്ങളാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ചെറിയ ചികിത്സ കൊണ്ട് ഭേദമാകുന്ന രോഗങ്ങളെ ആവശ്യമില്ലാത്ത പരിശോധനകൾ നൽകി ചികിത്സിക്കുന്നതിലൂടെ ചെലവ് വർധിക്കുന്നുവെന്നതും തിരിച്ചറിയേണ്ടതുണ്ട്. 


ചികിത്സയിലൂടെ കൈവരിക്കേണ്ട ഒന്നല്ല ആരോഗ്യം. അത് ജീവിത രീതി ക്രമപ്പെടുത്തുന്നതിലൂടെ നേടിയെടൂക്കെണ്ടതാണ്. ചികിത്സാരംഗത്തും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും വന്നു ചേർന്ന പല നിയമങ്ങളും മാറ്റത്തിരുത്തലുകളും ഡോക്ടർമാരെ വെറും തൊഴിലാളികളായി മാറ്റുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ജീവിതത്തിന്റെ വിവിധ ദശകങ്ങളുടെ ശരിയും തെറ്റും പരിശോധിച്ച് ചികിത്സിക്കുകയെന്ന അതി സങ്കീർണമായ കൃത്യത്തിലേർപ്പെടുന്നത് ചികിത്സാ രംഗത്തെ ശ്രേഷ്ഠത കൂടിയാണെന്ന് കൂട്ടിവായിക്കണം. ഡോക്ടർമാർ പൊതു സമൂഹത്തിനു നൽകുന്ന സേവനത്തെ അവഗണിക്കുകയും വില കുറച്ചു കാണിക്കുകയും ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നു. 
പതിനഞ്ച് വർഷമായി ദമാം ബദർ മെഡിക്കൽ ഗ്രൂപ്പിൽ ഇന്റേണിസ്റ്റായി ജോലി ചെയ്യുന്ന ഡോ. ബിജു വർഗീസ് സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് കിഴക്കൻ പ്രവിശ്യയിൽ ഏറെ സജീവമാണ്. ഭാര്യ ദീപ ബിജു (ദമാം), മകൾ അൽക്ക ബി. വർഗീസ് നാട്ടിൽ ആർക്കിടെക്ട് ആയി ജോലി ചെയ്യുന്നു. മകൻ പോൾ ബി. വർഗീസ് മെഡിക്കൽ പഠനത്തിന് ശേഷം ഷാർജയിൽ പൈലറ്റ് പരിശീലനത്തിലാണ്. സഹോദരൻ അജി വർഗീസ് ദമാം ബദർ മെഡിക്കൽ ഗ്രൂപ്പിൽ ശിശു രോഗ വിദഗ്ദധനാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂനിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ദമാം ഡോക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റാണ്.  

 

 

Latest News