Sorry, you need to enable JavaScript to visit this website.

കൗതുകം നിറഞ്ഞ ദിനങ്ങളുടെ ക്യൂരിയോസ്‌

നിസാം, മഹിത എന്നിവരോടൊപ്പം ലേഖകൻ
നഗരിയിലെ കാഴ്ച
നിസാം വീൽചെയറിൽ. മഹിത, സന എന്നിവർ സമീപം
നഗരിയിലെ കാഴ്ച

ക്യൂരിയോസ് എന്ന ആംഗലേയ വാക്കിന്റെ അർഥം പോലെ തന്നെ ജിജ്ഞാസ നിറഞ്ഞതായിരുന്നു,  ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ (ഐ.പി. എം) മൂന്ന് ദിനങ്ങൾ. മനുഷ്യത്വം കുറഞ്ഞുപോകുന്ന ലോകത്ത്,  പച്ചയായ കുറച്ച് മനുഷ്യരെ കണ്ട ദിനങ്ങൾ.  2019 ലെ  ക്യൂരിയോസ് ഫെസ്റ്റിനെ  കുറിച്ച് ഒട്ടേറെ കേട്ടിട്ടുണ്ടങ്കിലും  എന്താണ് ഐ.പി.എം  എന്നോ, എന്താണ് ക്യൂരിയോസ് ഫെസ്റ്റ്  എന്നോ നിശ്ചയമില്ലായിരുന്നു. 


കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള  ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ  ആദ്യമായിട്ടാണ് കാണുന്നത്.  കേട്ടറിഞ്ഞ ഐ.പി.എം എന്തെന്ന് അറിയാൻ ക്യൂരിയോസ് ഫെസ്റ്റിന്റെ തലേ ദിവസമാണ് അവിടെ എത്തുന്നത്. കാമ്പസിന്റെ ഗേറ്റ് കടന്ന് വാഹനം നീങ്ങുമ്പോൾ ആദ്യം ദൃഷ്ടിയിൽ പെട്ടത് ഇടതു ഭാഗത്തുള്ള  കെട്ടിടമാണ്. കെട്ടിടത്തിന്റെ മുൻവശത്ത് ഒരു ബോർഡിൽ വലിയ അക്ഷരത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും 'കാൻസർ വാർഡ്' എന്ന് എഴുതിവെച്ചിരിക്കുന്നു. 


മുഖ്യ കെട്ടിടത്തിന്ന് സമീപം  ഒട്ടനവധി വിദ്യാർത്ഥികൾ. ചിലർ മുളകൾ കൊണ്ട് സ്‌റ്റേജ് അലങ്കരിക്കുന്നു, ഒരു കൂട്ടം കളർ പേപ്പർ കൊണ്ട് പൂക്കളും പൂമ്പാറ്റകളും ഉണ്ടാക്കി നൂലിൽ കെട്ടി തൂക്കുന്നു. മറ്റു ചിലർ വട്ടത്തിൽ ഇരുന്ന് കൈ കൊട്ടി പാട്ട് പാടുന്നു. അവർ വട്ടം കൂടി ഇരിക്കുന്നതിന് നടുവിൽ ഒട്ടനവധി രോഗികൾ ഇരിക്കുന്നു. നടക്കാനാകാതെ വീൽ ചെയറിൽ ഇരിക്കുന്ന വൃദ്ധരും യുവാക്കളും. കൈയിനും കാലിനും വളർച്ച ഇല്ലാത്തവർ, അങ്ങനെ അങ്ങനെ ധാരാളം പേർ. ഈയൊരു കാഴ്ചയിലൂടെ തന്നെ ക്യൂരിയോസ് ഫെസ്റ്റ് കേവലം സംഘാടകരുടെയും മറ്റുള്ളവരുടെയും ആനന്ദത്തിനല്ല, മറിച്ച് സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനു സാഹചര്യം ഒരുക്കാനുള്ളതാണെന്ന് മനസ്സിലാകുന്നു


വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ഐ.പി.എം പരിപാടി രാത്രി 11.30 വരെ നീണ്ടുനിൽക്കാറുണ്ട്.  ഒരു ദിവസം കൊണ്ട്  ഒട്ടേറെ മാറ്റങ്ങൾ അവിടെ വന്നിട്ടുണ്ട്. ഈത്തപ്പന ഓല കൊണ്ട് നിർമിച്ച മനോഹരമായ ഒരു ടിക്കറ്റ് കൗണ്ടർ, നടവഴിയുടെ  ഇരു ഭാഗത്തും പൂർണമായും തിങ്ങി നിറഞ്ഞ വിധത്തിൽ പുഷ്പങ്ങൾ, മുകളിൽ നാലു വരികളായി നീളത്തിൽ മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ, ഉപയോഗശൂന്യമായി കിടക്കുന്ന ഒരു ബസ് പൂർണമായും  മനോഹരമായ ഇലകൾ കൊണ്ടുള്ള അലങ്കാരം, ഇങ്ങനെ ധാരാളം ആകർഷകമായ വിധത്തിൽ അവിടത്തെ വോളണ്ടിയർമാർ അലങ്കരിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ,  ജീവിതത്തിലെ  ദിനങ്ങൾ  ഏകാന്തതയും കഷ്ടപ്പാടും ആയവർക്ക് സാന്ത്വനത്തിന്റെ മധുരിക്കും ഓർമ കൂടിയായി മാറുകയായിരുന്നു  ക്യൂരിയോസ്.


പാലിയേറ്റീവിലെ എല്ലാ പരിപാടികൾക്കും ചുക്കാൻ പിടിക്കുന്നത്  കോളേജ്  വിദ്യാർത്ഥികളാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. രോഗികളുടെ ഒരു വർഷത്തെ ചികിത്സാ ചെലവ് കോടിക്കണക്കിന് രൂപയാണ്. ചികിത്സാ ചെലവിനുള്ള പണം ശേഖരിക്കൽ കൂടിയാണ് ക്യൂരിയോസ് ഫെസ്റ്റിന്റെ  ലക്ഷ്യം. കൂടാതെ ഐ.പി.എം കാമ്പസിന് ഉള്ളിൽ അവിടത്തെ തന്നെ രോഗികൾ നിർമിക്കുന്ന സോപ്പ്, കൈകഴുകുന്ന സോപ്പ്, മാല, ചൂല് എന്നിങ്ങനെ ഒട്ടേറെ വസ്തുക്കളുടെയും മറ്റു പുറത്തുള്ള കടകളുടെ കൗണ്ടറുകളും സ്ഥാപിതമാണ്. വളണ്ടിയർമാർ  നടത്തുന്ന ചെറു കായിക മത്സരങ്ങളും ആസ്വദിക്കാം. ഇതിലൂടെയെല്ലാം സമ്പാദിക്കുന്നവ  പൂർണമായും  രോഗികളുടെ ചികിത്സക്കാണ് എന്നറിയുമ്പോൾ ലഭിക്കുന്ന സന്തോഷം ചെറുതല്ല. ഏകനായി കടന്നു ചെല്ലുന്ന ആർക്കും  മൂന്നു ദിവസത്തെ ആഘോഷം  കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ ഒട്ടേറെ സുഹൃത്തുക്കളെ ലഭിക്കുന്നു എന്നതാണ് ക്യൂരിയോസ് വരുത്തുന്ന പ്രധാന മാറ്റം. അവരിൽ വൃദ്ധരുണ്ട്, യുവാക്കളുണ്ട്, സമപ്രായക്കാർ ഉണ്ട്, തീരെ പ്രായം കുറഞ്ഞവർ ഉണ്ടാകും. ജാതിയോ മതമോ രാഷ്ട്രീയമോ ഒരു അതിർവരമ്പും അവിടെ സൃഷ്ടിക്കുന്നില്ല.


നിലവിലുള്ള ഏതൊരു പരിപാടികളിൽ നിന്നും വിഭിന്നമായിരുന്നു ക്യൂരിയോസ് ഫെസ്റ്റിന്റെ സംഘാടനം. പ്രത്യേകിച്ചൊരു സംഘാടക സമിതിയോ സ്വാഗത സംഘമോ ഉണ്ടായിരുന്നതായി ഒരിക്കലും തോന്നിയിരുന്നില്ല. അവിടെ എത്തുന്ന ഓരോരുത്തരും സംഘാടകരായി മാറുന്ന കാഴ്ച കൗതുകം നിറഞ്ഞതായിരുന്നു. എന്നാൽ ഓരോ പരിപാടിക്കും വ്യക്തമായ ആസൂത്രണവും തയാറെടുപ്പും ഉണ്ടായിരുന്നു. മരണം കാത്തു നിൽക്കുന്ന സുഹൃത്തിന് എഴുതിയ മുപ്പതോളം കത്തുകൾ വായിച്ച ഡെത്ത് കഫെ മനസ്സിനെ  വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരു ഇനമായിരുന്നു. 


മൂന്ന് ദിവസത്തെ ഔത്സുക്യം നിറഞ്ഞ ദിവസങ്ങളിൽ ഏറെ  സ്വാധീനിച്ചത് തന്റെ ഇരുപതാം വയസ്സിൽ വീൽ ചെയറിനെ നിഴലായി കൂടെ കൊണ്ടുനടക്കുന്ന നിസാമുദ്ദീൻ എന്ന നിസ്സാംക്കാ ആണ്. വെറും അഞ്ചോ ആറോ മണിക്കൂറിന്റെ പരിചയം വല്ലാത്തൊരു ആത്മബന്ധം സൃഷ്ട്ടിച്ചു. നിസ്സാം ക്കയുടെ വീൽ ചെയർ ഉന്തി ഐ.പി.എം മുഴുവനും ചുറ്റിക്കാണിക്കുന്നതിനിടയിൽ എന്തായിരിക്കും യുവാവിന് സംഭവിച്ചത് എന്നറിയാനുള്ള ജിജ്ഞാസ തിരിച്ചറിഞ്ഞതിനാലാകണം അദ്ദേഹം തന്നെ അത് തുറന്നു. ജീവിതത്തിന്റെ എല്ലാ ആനന്ദങ്ങളും ആസ്വദിച്ചും അർമാദിച്ചും ജീവിച്ചിരുന്ന നിസ്സാം സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി കടലിൽ പോയതായിരുന്നു. സ്ഥിരമായി കടലിൽ ചാടിയും  നീന്തിയും പരിചയമുള്ള നിസ്സാം കരിങ്കല്ലുകൾ കൂട്ടിയിട്ട പാലത്തിൽ നിന്ന് മറിഞ്ഞ് ചാടുന്നതിനിടയിൽ തന്റെ സ്‌പൈനൽ കോഡിന്ന് അപകടം സംഭവിക്കുകയായിരുന്നു.

ഒട്ടേറെ ആശുപത്രികളിൽ ചികിത്സ നടത്തിയ ഇദ്ദേഹത്തിന് ഇന്ന് ഒരാളുടെ സഹായത്തോടെ കുറച്ചൊക്കെ നടക്കാൻ സാധിക്കും. ഇത്തരം അപകടം സംഭവിക്കുന്നവരിൽ 75% മനുഷ്യരും  ജീവിതം തന്നെ തോൽപിച്ചു എന്ന് കരുതി വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കൂടാറാണ് പതിവ്. എന്നാൽ നിസ്സാം തന്റെ ഏകാന്തതയെ തരണം ചെയ്ത് സ്വന്തമായി വാഹനം ഓടിക്കുകയും കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് 4.00 മുതൽ രാത്രി 12.00 മണി വരെ നീണ്ടുനിൽക്കുന്ന ഒരു ചായ മക്കാനിയും നടത്തുന്നു. പ്രതിസന്ധികൾ ജീവിതത്തെ തളർത്താനുള്ളതല്ലെന്നും തളിർപ്പിക്കാനുള്ളതാണെന്നും ക്യൂരിയോസ് വിളിച്ചുപറയുന്നു. 

 

 

 

 


 

Latest News