Sorry, you need to enable JavaScript to visit this website.

ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച  വഴികളും കണ്ണീരോടെ വിവരിച്ച്  നടി

കൊച്ചി-നടിയെ ആക്രമിച്ച കേസില്‍ കര്‍ശന സുരക്ഷയില്‍ എറണാകുളം അഡീഷണല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ ആരംഭിച്ചു.  ഒന്നാം സാക്ഷിയും ഇരയുമായ ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്നലെ നടന്നത്. നാലു ദിവസംകൊണ്ട് ഇതു പൂര്‍ത്തിയാക്കിയശേഷം മറ്റു സാക്ഷികളെ വിസ്തരിക്കും. രഹസ്യവിചാരണയായതിനാല്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്. 
രാവിലെ 11നു സാക്ഷിവിസ്താരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഒന്നാം സാക്ഷിയായ നടി കോടതി പരിസരത്തെത്തി. ഭര്‍ത്താവുമൊന്നിച്ചു കാറിലെത്തിയ നടി കോടതി അങ്കണത്തിലെ മറ്റൊരു മുറിയില്‍ കാത്തിരുന്നു. എട്ടാം പ്രതിയായ നടന്‍ ദിലീപ് 10.55 നാണ് എത്തിയത്. പോലീസ് കാവലില്‍ വിചാരണ നടപടികള്‍ തുടങ്ങുമ്പോള്‍ കോടതി പരിസരത്തു മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുപുറമേ ഒന്നാം സാക്ഷിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനും മാധ്യമങ്ങള്‍ക്കു വിലക്കുണ്ടായിരുന്നു. 
നടിയുടെ വെളിപ്പെടുത്തലുകള്‍ കേട്ടു കോടതി നിശബ്ദമായി. താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്പാകെ നടി വിവരിച്ചത്. പ്രോസിക്യൂട്ടര്‍ എ. സുരേശന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു. സംഭവങ്ങള്‍ കേട്ട് ഒരുവേള കോടതിയും ഹാളിലുണ്ടായിരുന്ന അഭിഭാഷകരും നിശബ്ദരായി. അതേസമയം, പ്രതിഭാഗം അഭിഭാഷകരുടെ ബാഹുല്യത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. 
പ്രതികളുടേതുള്‍പ്പെടെ 31 അഭിഭാഷകരാണ് കോടതിയിലുണ്ടായിരുന്നത്. ദിലീപിനുവേണ്ടിമാത്രം 19 പേരാണ് ഹാജരായത്. കൂടാതെ പോലീസ് ഉദ്യോഗസ്ഥരും മുറിയിലുണ്ടായിരുന്നു. നടിയെ ആക്രമിച്ചു പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതിനാല്‍ അഭിഭാഷകരുടെ ആധിക്യം കോടതി നിയന്ത്രിച്ചേക്കും. കോടതിക്കുള്ളില്‍ മൊെബെല്‍ ഫോണും നിരോധിക്കും. 
പോലീസിനെ കൂടാതെ ബോംബ് സ്‌ക്വാഡിനെ നിയോഗിക്കും. കോടതി മുറിക്കു പുറത്തു മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ:ബൈജു പൗലോസ്, പ്രോസിക്യൂട്ടറുടെ സഹായികളായ അഡ്വ. മഞ്ജുനാഥ് മേനോന്‍, അഡ്വ. ജോസഫ് മണവാളന്‍ എന്നിവരും ഇന്നലെ ഹാജരായിരുന്നു. വിസ്താരനടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ട്. ആകെ 137 സാക്ഷികളെ വിസ്തരിക്കാനാണ് സമന്‍സ് അയച്ചിട്ടുള്ളത്. സിനിമാ താരങ്ങള്‍ അടക്കമുള്ളവരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ തീര്‍പ്പുവരുന്നതുവരെ വിചാരണ നടത്തരുതെന്ന് ദിലീപ് വീണ്ടും ആവശ്യപ്പൈട്ടങ്കിലും കോടതി അനുവദിച്ചില്ല. 

Latest News